തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.
അതേസമയം, വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ഉണ്ടായി. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. താമരശ്ശേരിയില്‍ രണ്ട് വീടുകളാണ് തകര്‍ന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒഡീഷയ്ക്കും – ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെടും.
Discussion about this post