ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ വാതിൽപടിയിൽ ഇരിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം രണ്ട് യുവാക്കളുടെ ജീവനെടുത്തു. വാതിൽപടിയിൽ ഇരിക്കാൻ വാശി പിടിച്ച് യുവാക്കൾ തമ്മിൽ രൂക്ഷമായ തർക്കവും കയ്യാങ്കളിയും സംഭവിക്കുകയും ഇരുവരും നിലതെറ്റി പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. അപകടത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരുവർക്കും മരണം സംഭവിക്കുകയായിരുന്നു.
നാഗർകോവിൽ – കോയമ്പത്തൂർ എക്സ്പ്രസിലാണു ദാരുണമായ സംഭവങ്ങളുണ്ടായത്. ജനറൽ കോച്ചിൽ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാർ (32), തൂത്തുക്കുടി കോവിൽപട്ടി സ്വദേശി മാരിയപ്പൻ (36) എന്നിവരാണു മരിച്ചത്.
തുടക്കത്തിൽ ചെറിയ വാക്കുതർക്കമായിരുന്നെങ്കിലും പിന്നീടത് കയ്യാങ്കളിയിലേക്കു നീങ്ങുകയായിരുന്നു. അകത്തേക്കു കയറി നിൽക്കാൻ സഹയാത്രികർ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. പരസ്പരം ആക്രമിക്കുന്നതിനിടെ, വിരുദുനഗറിനടുത്ത് സാത്തൂരിനടുത്തു നിലതെറ്റി ഇരുവരും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.
ഇതോടെ, സഹയാത്രികർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചു. മുത്തുകുമാർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മാരിയപ്പന് മരണം സംഭവിച്ചത്. സംഭവത്തിൽ തൂത്തുക്കുടി പോലീസ് കേസെടുത്തു.
Discussion about this post