ന്യൂഡല്‍ഹി: ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യുഎഇയിലേക്ക്. യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നടത്തുന്ന മോഡി വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് പ്രധാന മന്ത്രി യുഎഇയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി മോഡി യുഎഇയില്‍ എത്തുന്നത്.
രാവിലെ 9.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി വിമാനമിറങ്ങും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച നടക്കുക. ഇരുരാജ്യങ്ങളും തമ്മില്‍ രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കും. ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്ന കാര്യത്തിലും ധാരണാപത്രം ഒപ്പിടും. അതേസമയം, ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.
Discussion about this post