കൊച്ചി: പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം. ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്കിയ സര്‍ട്ടിഫിക്കറ്റ് ആണ് നിര്‍മാണക്കമ്പനിക്ക് ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം.
സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം നിര്‍മാണക്കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിന്‍ദാസ് ചിത്രം ഗുരുവായൂരമ്പല നടയില്‍ ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം.
2019ല്‍ പുറത്തിറങ്ങിയ ‘നയന്‍’ എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം. നിര്‍മാണ രംഗത്ത് മാത്രമല്ല വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സജീവമാണ്. രജനികാന്തിന്റെ ‘പേട്ട’യാണ് ആദ്യമായി വിതരണത്തിന് എടുക്കുന്ന ചിത്രം. പിന്നീട് മാസ്റ്റര്‍, കെജിഎഫ് 2, കാന്താര, 777 ചാര്‍ലി തുടങ്ങിയ ചിത്രങ്ങളും ഇവര്‍ കേരളത്തിലെത്തിച്ചു.
ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസുമായി ചേര്‍ന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഈ രണ്ട് കമ്പനിയും കൈകോര്‍ത്ത ആദ്യ ചിത്രമായിരുന്നു ഡ്രൈവിങ് ലൈസന്‍സ്.
Discussion about this post