ചാലക്കുടി: ഇല്ലാത്ത ലഹരിമരുന്നിന്റെ പേരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ജയിലില്‍ കിടന്നത്
72 ദിവസം. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയില്‍ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് പരിശോധനാഫലം പുറത്തു വന്നു. തന്നെ കേസില്‍ ആരോ കുടുക്കിയതാണെന്നും ഇതിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഷീല സണ്ണി പറയുന്നു.
ഫെബ്രുവരി 27-ാം തീയതിയാണ് കുറച്ച് ഓഫീസര്‍മാര്‍ വരുന്നത്. പാര്‍ലറില്‍ മയക്കുമരുന്ന് വില്പനയുണ്ടെന്ന് അവര്‍ക്ക് വിവരം ലഭിച്ചുവെന്നും പരിശോധനയ്ക്കെത്തിയതാണെന്നും അവര്‍ പറഞ്ഞു. എന്റെ ബാഗിലും വാഹനത്തിലുമാണ് മയക്കുമരുന്ന് എന്നാണ് അവര്‍ പറഞ്ഞത്. ഞാനവരോട് പരിശോധിക്കാന്‍ പറയുകയും ചെയ്തു. ബാഗിനുള്ളില്‍ അവര്‍ ഒരു തുള കണ്ടെത്തി. അപ്പോഴാണ് ബാഗിനുള്ളില്‍ അങ്ങനെ ഒരു തുള ഞാന്‍ കാണുന്നത് തന്നെ.
അതിനുള്ളില്‍ നിന്നാണ് അവര്‍ പൊതി എടുക്കുന്നത്. സ്റ്റാമ്പാണെന്ന് പറഞ്ഞ് എന്നെ കാണിക്കുകയും ചെയ്തു. പിന്നീട് മകനെ വിളിച്ചു വരുത്തി കാറില്‍ നിന്നും ഒരു പാക്കറ്റ് കണ്ടെടുത്തു. ഞാന്‍ ഒരു സാധാരണ വീട്ടമ്മയാണ്. ചാലക്കുടി വിട്ട് അധികം പുറത്തു പോവാറില്ല. മയക്കു മരുന്ന് ഞാന്‍ കണ്ടിട്ടു പോലുമില്ല. എനിക്ക് ശത്രുക്കളൊന്നുമില്ല. പക്ഷേ എനിക്ക് എന്റെ മരുമകളുടെ അനുജത്തിയെ സംശയമുണ്ട്. വ്യക്തിവൈര്യാഗത്തിന്റെ പേരില്‍ അവര്‍ ചെയ്തതാണോയെന്നാണ് സംശയം.’
എന്തിനാണ് എന്നെ കുടുക്കാന്‍ നോക്കിയതെന്ന് കണ്ടുപിടിക്കണം. വിവരം നല്കിയ ആളെ കണ്ടുപിടിച്ചാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാകും. 72 ദിവസം ഞാന്‍ ജയിലില്‍ കിടന്നു. ആകെ വരുമാന മാര്‍ഗമായിരുന്ന പാര്‍ലര്‍ അടച്ചു. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. പിന്നെ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പാണ് തന്നെ
പിടിച്ചു നിര്‍ത്തിയതെന്നും ഷീല പറയുന്നു
Discussion about this post