ബോസ്റ്റൺ: 1912ൽ തകർന്ന ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പട്ട ടൈറ്റൻ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയ്ക്കെത്തിച്ചു. സമുദ്രാടിത്തട്ടിൽ നിന്ന് കണ്ടെടുത്ത, തകർന്ന ടൈറ്റൻ ജലപേടകത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് കരുതുന്നതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
കടൽത്തട്ടിൽനിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ എന്നു കരുതുന്നവ കണ്ടെടുത്തിട്ടുള്ളത്. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ടൈറ്റൻ എന്ന ജലപേടകം തകർന്ന് അഞ്ച് യാത്രക്കാരും മരിച്ചെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായഭീമൻ ഷഹ്സാദാ ദാവൂദും മകൻ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകൻ പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റൻ പേടകത്തിലുണ്ടായിരുന്നത്.
ALSO READ- വിവാഹം ശരിയാകുന്നില്ല: മനംനൊന്ത യുവാവ് ജീവനൊടുക്കി
പേടകം സ്‌ഫോടനത്തിൽ തകർന്നെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം, ജൂൺ 18-ന് നടന്ന അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post