പാലാ: അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ തേടി ഒടുവിൽ ഉടമസ്ഥരെത്തി. പാലാ പോലീസ് സ്റ്റേഷനിൽ സംരക്ഷണത്തിലായിരുന്ന കുട്ടിമാളു എന്ന നായ്ക്കുട്ടിയെയാണ് ഉടമ തിരികെ എത്തി കൊണട്ുപോയത്.
ചേർപ്പുങ്കൽ സ്വദേശി അരുൺ ആണ് നായ്കുട്ടിയുടെ ഉടമ. പോലീസ് നായ്ക്കുട്ടിയെ അരുണിന് കൈമാറി. അലഞ്ഞുനടന്ന ബീഗിൾ ഇനത്തിൽപ്പെട്ട പട്ടിക്കുട്ടിയെ തിങ്കളാഴ്ച പുലർച്ചെയാണ് രണ്ട് ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
തുടർന്ന് പാലാ പോലീസ് ചിത്രം സഹിതം ഉടമയെ തേടി അറിയിപ്പ് കൊടുത്തിരുന്നു. ഇതിനോടകം തന്നെ സ്റ്റേഷനിലുള്ള എല്ലാവരുമായും ഇണങ്ങിക്കഴിഞ്ഞ നായ്ക്കുട്ടിയ്ക്ക് ‘കുട്ടിമാളു’ എന്നാണ് പോലീസുകാർ പേരിട്ടത്.
പോലീസിന്റെ അറിയിപ്പിനെ തുടർന്ന് നിരവധി പേർ നായയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് സ്റ്റേഷനിൽ എത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്.
ALSO READ- ഇരട്ടക്കുട്ടികളുടെ രക്തഗ്രൂപ്പിലെ സംശയം; തെളിഞ്ഞത് മറ്റൊരാളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ഗർഭധാരണം; ഡൽഹി ആശുപത്രിക്ക് ഒന്നരക്കോടി പിഴ
രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനാണ് തീരുമാനിച്ചതെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്ന കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉടമ എത്തിയതോടെ കുട്ടിമാളുവിന് ശ്വാന സേനയിലേക്ക് പോകേണ്ടി വരില്ല.
Discussion about this post