തിരുവനന്തപുരം: വനിത മതിലിന് പിന്നാലെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി, നവോത്ഥാനത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ ആരോപിച്ചു. വനിതാമതിലിനെ താന്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നുമല്ല സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.
എസ്എന്‍ഡിപി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ക്ഷേത്ര ആചാരങ്ങള്‍ പിന്തുടരുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. പ്രീതി നടേശന്‍ പിണറായി സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്. തങ്ങളുടെ കൂടെയുള്ള വനികളാരും മലകയറില്ല. ചില ആക്ടിവിസ്റ്റുകള്‍ പോയേക്കാം. എന്നാല്‍ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു യുവതിയും ശബരിമലയില്‍ പോകില്ല. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു ശബരിമല വിധി. ശ്രീനാരായണ ധര്‍മം പിന്തുടരുന്നവരാണ് ഞങ്ങള്‍. ആര്‍ത്തവത്തിന് ശേഷം ശുദ്ധിയോടെയും ഏഴ് ദിവസങ്ങള്‍ക്ക് ശേഷവും മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാവു എന്ന് ഗുരു സ്മൃതിയിലും പറയുന്നുണ്ട്. കേരളത്തിലുള്ളവരാരും പല്ല് തേക്കാതെയും കുളിക്കാതെയുമൊന്നും അമ്പലത്തില്‍ പോകാറില്ല. അത് പോലെ ഇതും ഒരു ആചാരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയുടെ വൈവിദ്ധ്യപൂര്‍ണമായ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ് ഈ വിശ്വങ്ങള്‍ അതിനെ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടേയും കടമയാണ്. നവോത്ഥാനത്തിന്റെ പേരില്‍ നമ്മള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത് എന്നും പ്രീതി പറഞ്ഞു. ഇത്തരം മൂല്യങ്ങളില്‍ നിന്ന് മാറി നിന്നാല്‍ നാളത്തെ തലമുറ ചോദിക്കും ഗുരുവിന്റെ പേരിലുള്ള നവോത്ഥാനത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന്.
യുവതി പ്രവേശനത്തിനെതിരെ നിരവധി സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും മുഖ്യമന്ത്രി ഇതൊന്നും മനസിലാക്കുന്നില്ല എന്നുള്ളത് വേദനാജനകമാണ്. ഒരു സ്ത്രീയെന്ന നിലയിലും വോട്ടവകാശം വിനിയോഗിക്കുന്ന വ്യക്തി എന്ന നിലയിലും, എനിക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്കും രാത്രിയില്‍ ഭയപ്പെടാതെ ഇറങ്ങി നടക്കാനാകില്ല. സ്ത്രീകള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. അവര്‍ക്ക് ഇത് മുഖ്യ അജണ്ട ആക്കാമായിരുന്നില്ലേ. വനിത മതിലില്‍ പങ്കെടുക്കുമ്പോഴും ശബരിമല യുവതി പ്രവേശനത്തിന് ഞങ്ങള്‍ എതിരായിരുന്നു.
മാത്രമല്ല ശബരിമലയെക്കുറിച്ചോ, യുവതിപ്രവേശത്തെ കുറിച്ചോ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാനതില്‍ പങ്കെടുക്കാതെ മടങ്ങുമായിരുന്നു.യുവതി പ്രവേശത്തിന് വേണ്ടിയുള്ള മതില്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളാരും പോകില്ലായിരുന്നു. യുവതി പ്രവേശനത്തിന് അവര്‍ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു.നവോത്ഥാനം ഒരിക്കലും രഹസ്യമായി സാധ്യമാവുകയില്ല. തലയില്‍ തുണിയിട്ട് മുഖം മറച്ചാണ് യുവതികള്‍ സന്നിധാനത്തെത്തിയത്.
Discussion about this post