പത്തനംതിട്ട: റാന്നിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച രജിത അതുലിനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ഇവർ നിയമപരമായി വിവാഹിതരല്ല. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.
റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന രജിത(28)യെ അതുൽ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ വിഎ രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലുമായി രജിത അടുത്തത് ഇവരുടെ ആദ്യ ഭർത്താവ് ജോലിക്കായി വിദേശത്ത് പോയ സമയത്തായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. ഇതിനിടെ രജിതയും വിദേശത്തേക്ക് പോയിരുന്നു. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഈയടുത്ത കാലത്താണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടായത്. പിന്നാലെ രജിത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇതോടെ അതുൽ കൂടുതൽ അസ്വസ്ഥനായി. അതുൽ ഉപദ്രവിക്കുകയാണ് എന്ന് ആരോപിച്ച് രജിത പോലീസിൽ പരാതി നൽകിയതോടെ അതുലിന് രജിതയോട് പകയുമായി.
പത്തനാപുരത്ത് വെച്ച് അതുൽ രജിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ രജിതയുടെ അമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് രജിത പോലീസിനെ സമീപിക്കുന്നത്. ഇതിനിടെ, പ്രതിയായ അതുലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വൈരാഗ്യം കൂടിയതോടെയാണ് രജിതയെ വീട്ടുകാർക്ക് മുന്നിലിട്ട് അതുൽ ആക്രമിച്ചത്. രജിതയെ അക്രമിക്കുന്നതിനിടെ ഇയാൾക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. പ്രതിയായ അതുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
രജിതയെ കൊലപ്പെടുത്തിയ പ്രതി അതുൽ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിത പോലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Discussion about this post