പത്തനംതിട്ട: അടൂരിൽ ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിക്കവെ കാമുകി പിടിയിലായതിന് പിന്നാലെ മുങ്ങിയ കാമുകനേയും പിടികൂടി പോലീസ്. മോഷണ ദിവസം തന്നെ യുവതി പിടിയിലായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കാമുകനെ ഒളിവിടത്തിൽ നിന്ന് കണ്ടെത്തിയെങ്കിലും അവിടെ നിന്നും കടന്നുകളയാൻ ശ്രമിച്ചിരുന്നു. പിന്നീട് പ്രതിയെ പോലീസ് പിന്തുടർന്നു പിടികൂടി.
ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി അൻവർ ഷായും കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് സ്വദേശിനി സരിതയുമാണ് പിടിയിലായത്. സരിതയെ സംഭവം നടന്ന വെള്ളിയാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു.
പതിനാലാം മൈലിൽ കട നടത്തുന്ന തങ്കപ്പനെന്നയാളുടെ മാലയാണ്, ബൈക്കിലെത്തി അൻവർ ഷായും സരിതയും പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. തങ്കപ്പൻ മാലയിൽ ബലമായി പിടിച്ചതോടെ പ്രതികളുമായി മൽപ്പിടിത്തവുമുണ്ടായി. ഇതിനിടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സരിതയ്ക്ക് പിടിവീഴുകയായിരുന്നു.
തുടർന്ന് തടഞ്ഞു വച്ച സരിതയെ പോലീസിനു കൈമാറി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാമുകൻ അൻവർ ഷായാണ് ഒപ്പമുണ്ടായിരുന്നതെന്ന് വ്യക്തമായത്. പ്രതിക്കായി രാത്രി തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു.
പിന്നീട് കഴിഞ്ഞ രാത്രി കറ്റാനത്തെ ഒളിവിടത്തിൽ പോലീസെത്തിയെങ്കിലും പ്രതി ബൈക്കിൽ കയറി രക്ഷപെട്ടു. ഇതോടെ പിന്തുടർന്നെത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയിൽ നിന്നും മാല പോലീസ് കണ്ടെടുത്തു.
രണ്ടുപ്രതികളും മോഷണം തൊഴിലാക്കിയവരാണ് എന്നാണ് സൂചന. ഇവരാണ് കഴിഞ്ഞ മാർച്ചിൽ തെങ്ങമത്തെ കോണത്ത് കാവ് ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത് എന്ന് തെളിഞ്ഞു.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. സരിത ഇപ്പോൾ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ്.
Discussion about this post