തൊടുപുഴ: ചലച്ചിത്ര നടൻ പൂജപ്പുര രവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
മലയാള കലാരംഗത്തെ അതികായനെന്നും സീനിയർ താരമെന്നും വിശേഷിപ്പിക്കുന്ന നടനാണ് പൂജപ്പുര രവി. ഇടയ്ക്ക് അഭിനയം ഉപേക്ഷിച്ച താരം ജഗതി എൻ ആചാരിയുടെ നിർബന്ധപ്രകാരമാണ് അഭിനയരംഗത്ത് തുടർന്നത്. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച ശ്രദ്ധേയ നടനാണ് പൂജപ്പുര രവി. അദ്ദേഹത്തിന്റെ സംസാരശൈലി ഉപയോഗപ്പെടുത്തിയ നിരവധി കഥാപാത്രങ്ങളാണ് സിനിമാ ലോകത്തിന് ലഭിച്ചത്.
ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. അവസാന ചിത്രം 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ്.
ALSO READ- പുകവലി ഉപേക്ഷിച്ച് 13 വര്‍ഷം പണം കൂട്ടിവച്ചു; ഇന്ന് ആന്റോ 13 ലക്ഷത്തിന്റെ കാറിന്റെ ഉടമ
പൂജപ്പുര സ്വദേശിയായ താരത്തിന്റെ യഥാർഥ നാമം എം രവീന്ദ്രൻ നായരെന്നാണ്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.
Discussion about this post