ചെന്നൈ: തമിഴനെ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തില്‍ പ്രതികരിച്ച് കനിമൊഴി എംപി രംഗത്ത്. അമിത് ഷായുടെ വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെ എന്നും കനിമൊഴി പറഞ്ഞു.
തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകരുമായി അടച്ചിട്ട മുറിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയില്‍ തമിഴ്നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ കാമരാജിനെയും ജി.കെ മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ഡിഎംകെ തടഞ്ഞുവെന്നായിരുന്നു അമിത് ഷായുടെ ആരോപണം.
ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് എന്തിനാണു ദേഷ്യമെന്നാണ്’ അമിത് ഷായോട് എം.കെ സ്റ്റാലിന് ചോദിച്ചത്.
‘അമിത് ഷായുടെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ലെന്ന്’ സ്റ്റാലിന് പരിഹസിച്ചു.
തമിഴ്നാട്ടില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍, തെലങ്കാന ഗവര്‍ണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എല്‍. മുരുകനും ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്- സ്റ്റാലിന് പറഞ്ഞു.
Discussion about this post