തൃശ്ശൂര്‍: ഭര്‍തൃവീട്ടിലെ ക്രൂര പീഡനത്തിനെ തുടര്‍ന്ന് നിരവധി യുവതികള്‍ക്കാണ് ജീവന് നഷ്ടമായത്. ഒറ്റയ്ക്കുള്ള ജീവിതം ഭയന്ന്, വിവാഹമോചിത എന്ന ദുഷ്പേരില്‍ ജീവിക്കാന്‍ കരളുറപ്പില്ലാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നവര്‍. എന്നും തീരാ വേദനയാണ് ആ പെണ്മക്കള്. അടുത്തിടെയായി പൊലിഞ്ഞ ഉത്തരയും വിസ്മയയും വിദ്യയുമെല്ലാം തീരാ നോവാണ്. ഇനി ഈ ലിസ്റ്റിലേക്ക് ആരും വരരുതേ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് നക്ഷത്ര എന്ന കുഞ്ഞിന്റെ ജീവന് അച്ഛന് തന്നെ കവര്‍ ദുരന്തം വാര്‍ത്തയായപ്പോഴാണ് വിദ്യ അനുഭവിച്ച ക്രൂരതകള്‍ പുറത്തറിയുന്നത്. 2 വയസ്സുള്ള കുഞ്ഞിനെ തനിച്ചാക്കി വിദ്യ ജീവിതം അവസാനിപ്പിച്ചു. ഇപ്പോള്‍ അച്ഛന് തന്നെ കുഞ്ഞിനെയും ഇല്ലാതാക്കി.
അതേസമയം, നമ്മുടെ പെണ്‍കുട്ടികളെ നമ്മള് തന്നെ സുരക്ഷിതരാക്കണമെന്ന് പറയുകയാണ് ജിന്‍സി എല്‍സാ ജോണ്‍. മൂന്ന് മക്കളുടെ അമ്മയായ ജിന്‍സി പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.
സ്ത്രീകളേ, ഒരൊറ്റ അടിയേ കൊള്ളാവു. രണ്ടാമത്തെ ഒന്നിനായ് ആരുടെയും കാല് കീഴില്‍ വീണു കിടക്കരുത്.
ആ ബന്ധം ഉപേക്ഷിച്ചിറങ്ങി വന്നാല്‍ ഏതൊക്കെ സംഭവിക്കാം ?
കുറെയേറെ ഉപദേശകര്‍ നിങ്ങളെ നന്നാക്കാന്‍ വന്നേക്കാം. അപ്പനോ അമ്മയോ സഹോദരങ്ങളോ നിങ്ങളെ വേണ്ട എന്നു പറഞ്ഞേക്കാം. അവരുടെ ഒക്കെ മുന്നില്‍ ഒന്നും ഇല്ലാത്തവളെ പോലെ, അവരുടെ അഭിമാനത്തിന് കളങ്കം ചാര്‍ത്തിയവളെ പോലെ നില്‍ക്കേണ്ടി വന്നേക്കാം. എന്നാലും സാരമില്ല.
മരണം തിരഞ്ഞെടുക്കരുത്. ഒറ്റക്ക് പൊരുതണം. ഒരു നേരം കഞ്ഞി കുടിക്കാനേ ചിലപ്പോ ഉണ്ടാകൂ. അതുമതി, സന്തോഷത്തോടെ അതുകോരി കഴിച്ചിട്ട് അഭിമാനത്തോടെ ജീവിക്കണം.
നല്ല വസ്ത്രം ഇട്ടാല്‍ ആരോടെങ്കിലും മിണ്ടിയാല്‍ നിങ്ങളെ വേശ്യ എന്നു വിളിച്ചേക്കാം. ഇന്ന് വിളിച്ചോട്ടെ. നാളെ ഒരു കാലത്തു അവര്‍ മാറ്റി വിളിക്കും. അവരോ അവരുടെ മക്കളോ ബന്ധുക്കളോ നിങ്ങളുടെ അവസ്ഥയില്‍ എത്തുകയോ ചെയ്യുന്ന വരെ നിങ്ങളെ ആരും മനസിലാക്കി എന്നു വരില്ല.
അമ്മമാരേ ഇനീ നിങ്ങളോടാണ്, നിങ്ങളുടെ മക്കളെ ജോലിക്കാരാക്കി സ്വന്തം കാലില്‍ നിര്‍ത്തിയിട്ടു അവര്‍ക്കാവശ്യം ഉണ്ടെങ്കില്‍ മാത്രേ വിവാഹം കഴിപ്പിക്കാവു. 21 വയസ്സിലെ പക്വത അല്ല 26 വയസ്സിലെ പക്വത. തിരിച്ചെപ്പോ വേണമെങ്കിലും വരാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു മനസിലാക്കി വേണം വേറൊരു ആളിന്റെ കൂടെ ജീവിക്കാന്‍ അയക്കാന്‍.
ഇപ്പൊ തന്നെ കുറെ കരയുന്ന അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. ഉത്തരേടെ അമ്മ,വിസ്മയേടെ അമ്മ ഇപ്പൊ വിദ്യേടെ അമ്മ അങ്ങനെ ഒരു അമ്മേടെ ലിസ്റ്റില്‍ വേണോ നിങ്ങളുടെ പേര് എന്നു ആലോചിച്ചു വേണം തീരുമാനിക്കാന്‍.
എന്നു സ്നേഹത്തോടെ
മൂന്നു കുഞ്ഞുങ്ങളുടെ അമ്മ
Discussion about this post