തിരുവനന്തപുരം: നടന് ടിനി ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ എം എ നിഷാദ്. മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലായിരുന്നു ടിനി ടോമിനെ വിമര്‍ശിച്ച് നിഷാദ് രംഗത്തെത്തിയത്.
ടിനി ടോം ഉടനെ തന്നെ ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്റെ പേര് വ്യക്തമാക്കാന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നിഷാദ് പറഞ്ഞു. ടിനിയുടെ ആരോപണത്തോടെ പലരും സംശയ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.
”ടിനി ടോം പൊതുസമൂഹത്തില്‍ പരസ്യമായാണ് ഇക്കാര്യം പറഞ്ഞിട്ട് രണ്ടുമാസമായി. ഏതോ ഓരു ലഹരിവിമുക്ത ക്യാംപയിന്റെ ബ്രാന്‍ഡ് അംബാസഡറാണെന്ന് അദ്ദേഹമെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ ആ നടന് ആരാണെന്ന് പറയാന്‍ ഉത്തരവാദിത്തമുണ്ട്.” നിഷാദ് പറഞ്ഞു.
” അദ്ദേഹം എക്സൈസിന് മൊഴികൊടുത്തുവെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയെന്ന നിലയില്‍ പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. അല്ലെങ്കില്‍ ഈ വെളിപ്പെടുത്തലിന് പുറകില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിവരും. ആ നടന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ നിയമനടപടിക്ക് പോകേണ്ടിവരും”- എന്നും എം എ നിഷാദ് പറഞ്ഞു.
Discussion about this post