ബംഗളൂരു: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ബംഗളൂരുവിലെ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്‍.
ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഉഡുപ്പി അടമറു മഠത്തിലെ സന്യാസിമാരും ചടങ്ങിന് നേതൃത്വം നല്‍കി. മിന്റ് ലോഞ്ചിന്റെ ബുക്സ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലെ ഫീച്ചര്‍ റൈറ്ററാണ് വാങ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
പ്രതീക് 2014 മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് സ്വദേശിയാണ് പ്രതീക് ദോഷി. പിഎംഒയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായാണ് പ്രവര്‍ത്തിക്കുന്നത്. 2019 ജൂണില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. സിംഗപ്പൂര്‍ മാനേജ്മെന്റ് സ്‌കൂളില്‍ നിന്നാണ് ബിരുദം.
മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിഎംഒയുടെ റിസര്‍ച്ച് ആന്‍ഡ് സ്ട്രാറ്റജി വിഭാഗത്തിന്റെ ചുമതലയാണ് വഹിക്കുന്നത്.
Discussion about this post