തുറവൂർ: കാറിടിച്ച് വീണ് പരുക്കേറ്റ് 20 മിനിറ്റോളം റോഡരികിൽ ചോരവാർന്നു കിടന്ന കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അപകടം കണ്ട് ഓടിയെത്തിയനാട്ടുകാർ യുവാവ് മരിച്ചെന്നു കരുതി കാഴ്ചക്കാരായി നിന്നതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. ഇതുവഴി വന്ന രണ്ട് അധ്യാപികമാർ ഇടപെട്ടാണ് ഒടുവിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോടംതുരുത്ത് മഴത്തുള്ളി വീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷാണ് (29) ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്‌കൂളിനു മുന്നിൽ വെച്ചായിരുന്നു കാറിടിച്ചത്. അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനട യാത്രക്കാരനായ രാഹുലിനെയും (30) നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
രാഹുലിനു പരുക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു. കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നാൽ, ചോരയിൽ കുളിച്ചു ചലനമറ്റു കിടന്നിരുന്ന ധനീഷ് മരിച്ചെന്നു കരുതി ഇതിൽ കയറ്റിയില്ല.
അപകടം നടന്ന ഉടൻ ആളുകൾ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് അവരും കരുതുകയായിരുന്നു. ഈ സമയത്ത് സമീപത്തെ കോടംതുരുത്ത് ഗവ. എൽപി സ്‌കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന എം ധന്യയും ജെസി തോമസും റോഡിലെ ആൾക്കൂട്ടം കണ്ടാണ് അന്വേഷിച്ചെത്തുകയും ധനീഷിനെ ഇരുവരും ചേർന്നു നിവർത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിക്കുകയുമായിരുന്നു.
ALSO READ- കര്‍ത്താവിന്റെ മണവാട്ടികള്‍ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന പല സിസ്റ്റേഴ്‌സും പറയുന്ന ഭാഷ കേട്ടാല്‍ അറയ്ക്കും, അച്ചടക്കം എന്ന പേരില്‍ അടിച്ചേല്പിക്കുന്നത് ആവശ്യമില്ലാത്ത നിയമങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ജീവിക്കുന്നത് തടവുകാരെ പോലെ, വൈറലായി കുറിപ്പ്
ഇതോടെ ജീവനുണ്ടെന്നു മനസ്സിലാവുകയും അധ്യാപികമാർ തന്നെ അതുവഴി വന്ന വാഹനം കൈകാട്ടി നിർത്തിക്കുകയുമായിരുന്നു. ഈ സമയം ധനീഷിനെ അന്വേഷിച്ച് സഹോദരൻ നിധീഷ് എത്തിയിരുന്നു. എല്ലാവരും ചേർന്നു തുറവൂർ ഗവ. ആശുപത്രിയിൽ ധനീഷിനെ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു.
സതിയാണു ധനീഷിന്റെ മാതാവ്. മറ്റു സഹോദരങ്ങൾ: ബിനീഷ്, നിഷ. ഗുരുതര പരുക്കോടെ രാഹുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.
Discussion about this post