കോഴിക്കോട്: അപകീർത്തി കേസിൽ തടവ് ശിക്ഷ ലഭിച്ച രാഹുൽഗാന്ധി അയോഗ്യനായതിനെ തുടർന്ന് ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നു. തിരഞ്ഞെടുപ്പിനായി ഇലക്ഷൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതായി സൂചനകൾ. കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് മെഷീൻ പരിശോധന തുടങ്ങിയതോടെയാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി സൂചന ലഭിച്ചത്.
കളക്ട്രേറ്റിൽ മോക്ക് പോളിങ് ഉൾപ്പെടെ നടത്തിയാണ് പരിശോധന. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബുധനാഴ്ച പരിശോധിച്ചത്. മലപ്പുറം വയനാട് കലക്ടറേറ്റുകളിലും വരും ദിവസങ്ങളിൽ പരിശോധനയുണ്ടായേക്കും.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിന് പുറമേ വയനാട്ടിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്നത്.
ജൂൺ അഞ്ച് തിങ്കളാഴ്ച തന്നെ പരിശോധന സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നതായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു. ഒന്നാം തീയതി മുതൽ കലക്ടറേറ്റിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് യുഡിഎഫ് പറഞ്ഞു. കലക്ടറേറ്റിന് മുന്നിൽ പന്തൽ കെട്ടിയാണ് വോട്ടിങ് മെഷീൻ പരിശോധന.
Discussion about this post