മുംബൈ: ഫോണിലേക്ക് വന്ന ആറ് മിസ്ഡ് കോളുകളിലൂടെ വസ്ത്ര വ്യാപാരിക്ക് ന
നഷ്ടമായത് 1.86 കോടിയോളം രൂപ. മുംബൈയിലെ വസ്ത്ര വ്യാപാരിയാണ് സിം കാര്‍ഡ് തട്ടിപ്പിനിരയായത്. മുംബൈ പോലീസില്‍ സൈബര്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഇദ്ദേഹം.
ഡിസംബര്‍ 27,28 തിയ്യതികളില്‍ ഇദ്ദേഹത്തിന് ലഭിച്ച ആറ് മിസ് കോളുകളാണ് ഈ തട്ടിപ്പിന് കാരണമായത്. സൈബര്‍ വിദഗ്ദര്‍ ‘സിം സ്വാപ്പ്’ എന്ന് വിളിക്കുന്ന തട്ടിപ്പ് രീതിയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഡാറ്റകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുകയും ഒടിപി വിവരങ്ങളും മൊബൈല്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതുമാണ് ഈ രീതി.
മറ്റുള്ള സൈബര്‍ ക്രൈമുകളില്‍ നിന്ന് വ്യത്യസ്തവും പിടികൂടാന്‍ ബുദ്ധിമുട്ടുള്ളതുമാണ് സിം സ്വാപ്പ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. സാങ്കേതികമായി ഏറെ ശക്തമായ ഈ രീതിയില്‍ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളിലും ഹാക്കര്‍ നുഴഞ്ഞു കയറുന്നതിനാല്‍ ഇരകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം വലിയതായിരിക്കും.
ആറ് മിസ്കോളുകള്‍ തുടര്‍ച്ചയായി ഉണ്ടായതോടെ തനിക്ക് സംശയങ്ങള്‍ ഉണ്ടായതായി പണം നഷ്ടമായ വ്യാപാരി പറയുന്നു. ഇതില്‍ രണ്ടെണ്ണം ബ്രിട്ടണില്‍ നിന്നായിരുന്നു. തുടര്‍ന്ന് തന്റെ ഫോണ്‍ പ്രവര്‍ത്തിക്കാതായതോടെ ഇദ്ദേഹം കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം സിം ബ്ലോക്ക് ചെയ്തായാണ് അവിടുന്ന് ലഭിച്ച മറുപടി. തലേ ദിവസം രാത്രി തന്റെ ഫോണ്‍ ബ്ലോക്ക് ചെയ്യാനായി ഈ ബിസിനസുകാരന്റെ അക്കൗണ്ടില്‍ നിന്ന് ലഭിച്ച റിക്വസ്റ്റിന്റെ തെളിവുകളും ഇവര്‍ കൊടുത്തു. പിറ്റേ ദിവസം തന്നെ ഈ നമ്പറില്‍ പുതിയ സിം കമ്പനി നല്‍കുകയും അത് ആക്ടിവേറ്റ് ആവുകയും ചെയ്തു എന്നറിഞ്ഞതോടെ തട്ടിപ്പ് നടന്നതായി മനസ്സിലാവുകയായിരുന്നു.
തുടര്‍ന്ന് തന്റെ ബാങ്ക് വിശദാംശങ്ങള്‍ പരിശോധിച്ച ഇയാള്‍ക്ക് കാണാന്‍ കഴിഞ്ഞത് താന്‍ അറിയാതെ നടന്ന 28 ഇടപാടുകളായിരുന്നു. 15 വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് ഈ പണം കൈമാറ്റം ചെയ്തിരുന്നതെന്നും വ്യാപാരി പറഞ്ഞു.
1.86 കോടി രൂപ നഷ്ടപ്പെട്ടതായുള്ള വ്യാപാരിയുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചതായും പോലീസ് അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അക്ബര്‍ പത്താന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മോഷ്ടാക്കള്‍ക്ക് പരാതിക്കാരന്റെ ബാങ്ക് വിവരങ്ങളും മൊബൈല്‍ വിവരങ്ങളും കൈക്കലാക്കാന്‍ കഴിഞ്ഞു. ആര്‍ക്കെങ്കിലും തങ്ങളുടെ അറിവോടു കൂടിയല്ലാതെ സിം ബ്ലോക്ക് ആവുകയാണെങ്കില്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post