ചെന്നൈ: പുറത്തിറങ്ങും മുന്‍പ് തന്നെ വിവാദമായിരുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’. തിയ്യറ്ററിലെത്താതിരിക്കാന് വലിയ രീതിയില്‍ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും തിയ്യേറ്ററിലെത്തി വലിയ കലക്ഷനാണ് ചിത്രം നേടിയത്.
കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്.
എന്നാല്‍ ഇപ്പോഴിതാ ‘ദി കേരള സ്റ്റോറി’ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന് കമല്ഹാസന്. ‘ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല.’ – ദി കേരള സ്റ്റോറി വിവാദത്തില്‍ കമല്ഹാസന് വ്യക്തമാക്കി.
പല സംസ്ഥാനങ്ങളും ‘ദി കേരള സ്റ്റോറി’ സിനിമ നിരോധിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം റിലീസ് ചെയ്ത് ഇരുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 200 കോടി ക്ലബ്ബില്‍ കേരള സ്റ്റോറി ഇടം പിടിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
Discussion about this post