ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഹോമത്തിനും പൂജയ്ക്കും ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകള്‍ പൂര്‍ത്തിയായി. ബ്രിട്ടീഷുകാരില്‍ നിന്നുള്ള അധികാര കൈമാറ്റമായി പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് ചെങ്കോല്‍ സമര്‍പ്പിച്ചിരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
21 ആത്മീയ ആചാര്യന്മാരാണ് പൂജകളുടേയും പ്രാര്‍ത്ഥനകളുടേയും ഭാഗമാകുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന പുരോഹിതരെ അധിനം എന്നാണ് വിളിക്കുന്നത്. ധര്‍മ്മപുരം, തിരുവാടുതുറൈ മുതലായ പ്രദേശങ്ങളില്‍ നിന്നാണ് പുരോഹിതരെത്തിയത്. ധര്‍മപുരം അധീനം, പളനി അധീനം, വിരുതാജലം അധീനം, തിരുകോയിലൂര്‍ അധീനം തുടങ്ങിയവയുടെ മഠാധിപതികള്‍ ഉള്‍പ്പെടെയാണ് ചടങ്ങിന്റെ ഭാഗമാകുന്നത്. പ്രധാനമന്ത്രിയ്ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബില്‍ളയും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പൂജകള്‍ നടത്തിയശേഷം ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി സമര്‍പ്പിച്ചു. മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി.
ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ വച്ചാണ് ചെങ്കോല്‍ കൈമാറിയിരുന്നത്.
രാവിലെ ഏഴര മുതല്‍ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം 1 നാണ് ഉദ്ഘാടനം നടക്കുക. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. ഉദ്ഘാടത്തിന് മുന്നോടിയായി സ്വര്‍ണ ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്. ലോക്സഭയില്‍ സ്ഥാപിക്കുന്ന ചെങ്കോല്‍ നിര്‍മിച്ച വുമ്മിടി കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇവരെ പ്രധാനമന്ത്രി ആദരിക്കും.
എംപിമാര്‍, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.
Discussion about this post