ന്യൂഡല്‍ഹി: കര്‍ഷകരുടെ ദുരിതത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ പുത്തന്‍ പ്രതിഷേധങ്ങലുമായി കോണ്‍ഗ്രസ് രംഗത്ത്. പാര്‍ലമെന്റിനു മുന്നില്‍ ഉരുളക്കിഴങ്ങ് വിറ്റാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്കാണ് പാര്‍ലമെന്റ് വളപ്പില്‍ ഉരുളക്കിഴങ്ങുകള്‍ കൂട്ടിയിട്ട് വിറ്റ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് എംപിമാരായ സുനില്‍ ജാഖര്‍, ഗുര്‍ജീത് സിങ് ഔജ്ല എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പാര്‍ലമെന്റിനുമുന്നില്‍ മുദ്രാവാക്യം മുഴക്കിയത്. കര്‍ഷകരുടെ വിഷമങ്ങള്‍ കാണാന്‍ സര്‍ക്കാരിന് സമയമില്ലെന്നും, സര്‍ക്കാര്‍ അനില്‍ അംബാനി, ഗൗതം അദാനി, എന്നിവരുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നതെന്നും എംപിമാര്‍ ആരോപിച്ചു.
‘കര്‍ഷകരഹിത ഇന്ത്യ സൃഷ്ടിക്കും എന്ന് ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ‘പണരഹിത ഇന്ത്യ’ എന്ന പോലെ ഇതും നടപ്പില്‍ വരുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. കാര്‍ഷികരംഗത്തെ സംബന്ധിച്ചുള്ള നരേന്ദ്ര മോഡിയുടെ തെറ്റായ നയങ്ങളാണ് കര്‍ഷകരെ ഈവിധം കഷ്ടതയിലാക്കിയതെന്നും ജാഖര്‍ കൂട്ടിച്ചേര്‍ത്തു. ‘കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള വില കൂടിയത് കാരണം, കര്‍ഷകര്‍ക്ക് തങ്ങള്‍ എടുത്ത ലോണുകള്‍ തിരിച്ചടക്കാന്‍ സാധിക്കുന്നില്ല. ആത്മഹത്യയല്ലാതെ വേറൊന്നും അവരുടെ മുന്നിലില്ല. മറ്റെന്താണ് അവര്‍ ചെയ്യേണ്ടത്?’ ജാഖര്‍ പറയുന്നു.
Discussion about this post