ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് വന്‍ വിജയമാണ് നേടിയിരിക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലുവിന്റെ തന്ത്രങ്ങളാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്നു കര്‍ണാടക സ്വദേശിയായ സുനില്‍ കനുഗൊലുവും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സുനില്‍ കനുഗോലുവിനെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി നിയമിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി രൂപീകരിച്ച ടാസ്ക് ഫോഴ്സിലെ അംഗമായി സുനില്‍ കനുഗോലുവിനെ സോണിയ ഗാന്ധി തിരഞ്ഞെടുത്തിരുന്നു.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തതും സുനില്‍ കനുഗൊലുവാണ്. നിര്‍ണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി ബന്ധപ്പെടാന്‍ യാത്ര കോണ്‍ഗ്രസിനെ സഹായിച്ചുവെന്നാണ് നിഗമനം.
തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പുനഃസ്ഥാപിക്കുക. രാജസ്ഥാനിലും ഛത്തീസ്ഗഡ്ഡിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുക. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് എത്തിക്കുക. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ ശക്തവും വിജയിക്കുന്നതുമായ മത്സരാര്‍ത്ഥിയാക്കി മാറ്റുക എന്നതാണ് സുനില്‍ കനുഗോലുവിന്റെ പ്രധാന ചുമതല.
തമിഴ്നാട്ടില്‍ ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്കൊപ്പം സുനില്‍ കനുഗൊലു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ലെ നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ബിജെപിയുടെ അസോസിയേഷന് ഓഫ് ബില്യണ്‍ മൈന്‍ഡ്സിന്റെ (എബിഎം) തലവനായും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ചതിലുംസുനിലിന്റെ പങ്കുണ്ടായിരുന്നു.
Discussion about this post