മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍
അറ്റ്ലാന്റിക് ബോട്ടിലെ സ്രാങ്ക് പിടിയിലായി. താനൂരില്‍ നിന്നാണ് സ്രാങ്ക് ദിനേശന് ഒളിവിലിരിക്കെ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാള്‍ നീന്തി രക്ഷപെടുകയായിരുന്നു. ദിനേശനെ പോലീസ് ചോദ്യം ചെയ്തുതുടങ്ങി.
അതേസമയം ബോട്ടുടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ കൂടി ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി. ബോട്ടപകടത്തില്‍ ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നു എന്ന വിമര്‍ശനത്തിനിടെയാണ് നാസറിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര് മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര് നീന്തിരക്ഷപ്പെടുകയായിരുന്നു.
Discussion about this post