പത്തനംതിട്ട: മലയാലപ്പുഴയില്‍ ആഭിചാര കേന്ദ്രത്തില്‍ മൂന്ന് പേരെ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണന് എന്നിവരാണ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ശോഭനയുടെയും സഹായി ഉണ്ണികൃഷ്ണന്റെയും മന്ത്രവാദ കേന്ദ്രമായ ‘വാസന്തി മഠ’ത്തിലാണ് മൂന്ന് പേരെ പൂട്ടിയിട്ടിരുന്നത്.
പരാതിയുടെ അടിസ്ഥാനതത്തിലാണ് പോലീസ് സ്ഥലത്തെത്തി മര്‍ദ്ദനമേറ്റവരെ മാറ്റിയത്. പത്തനാപുരം സ്വദേശികളായ സ്ത്രീക്കും മകള്‍ക്കും കൊച്ചുമകള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. പണം നല്‍കിയില്ലെന്ന് ആരോപിച്ച് പൂട്ടിയിട്ടെന്നാണ് പരാതി.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടുംബം ഇവിടെയെത്തുന്നത്. ‘വാസന്തി മഠ’ത്തിലെ സാഹചര്യം കണ്ടപ്പോള്‍ ഇവര്‍ ഇവിടെ നിന്നും മടങ്ങി കിളിമാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. പിന്നീട് ശോഭനയും ഭര്‍ത്താവും തങ്ങളെ വന്നു കണ്ടെന്നും ഈ വീട്ടിലേക്കെത്തിക്കുകയായിരുന്നുവെന്നും മര്‍ദ്ദനത്തിനിരയായവര്‍ പറയുന്നു.
ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനകളെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ശോഭനയെയും ഉണ്ണികൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചതി, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കുട്ടികളെ മന്ത്രവാദത്തിന് വിധേയമാക്കുന്നുവെന്ന പരാതിയിലായിരുന്നു കേസെടുത്തത്.
മന്ത്രവാദ കേന്ദ്രത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു പ്രചരണങ്ങള്‍ നടന്നിരുന്നത്.
Discussion about this post