സിനിമാ സംഘടനകൾ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ യുവതാരങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതിനെ വിമർശിച്ച് നിർമ്മാതാവായ സാന്ദ്ര തോമസ്. ഇതിലും വലിയ പ്രശ്നങ്ങൾ വന്നിട്ട് വിലക്കിലേക്ക് പോയിട്ടില്ല. ഷെയ്നിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മ സംസാരിക്കുന്നത് മോശം രീതിയിൽ ചിത്രീകരിക്കുന്നത് വളരെ തെറ്റാണെന്നും സാന്ദ്ര തോമസ് നിലപാടെടുത്തിരിക്കുകയാണ്.
നിർമാതാക്കളുടെ അസോസിയേഷനിൽ പറയുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു പകരം, നാട്ടുകാരുടെ മുമ്പിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. തീരുമാനങ്ങൾ നീതിപൂർവമാകണമെന്നും സാന്ദ്ര തോമസ് സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു.
ഷെയ്ൻ നിഗം എന്ന താരത്തെ സഹകരിപ്പിക്കില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. സിനിമാ സെറ്റിൽ എന്താണ് ശരിക്കും നടന്നത് എന്ന് തനിക്ക് അറിയില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ വരുന്ന കാര്യം മാത്രമേ തനിക്കും അറിയൂവെന്നും സാന്ദ്ര പറഞ്ഞു.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞത് ഷെയ്ൻ സെറ്റിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, എഡിറ്റ് കാണണം എന്നു ഷെയ്നും അമ്മയും പറഞ്ഞുവെന്ന് ഒക്കെയാണ്. എന്നാൽ തന്റെ അറിവിൽ ഒരുമാതിരി എല്ലാ പ്രധാന താരങ്ങളും എഡിറ്റ് കാണണം എന്നു പറയാറുണ്ട്. ചിലപ്പോഴൊക്കെ സ്പോട്ട് എഡിറ്റ് നടക്കുമ്പോൾ അങ്ങോട്ട് പറയും, ഒന്നു കണ്ടു നോക്കൂവെന്ന്. പണ്ടൊക്കെ സിനിമ തിയറ്ററിൽ വന്നാൽ മാത്രമല്ലെ നമ്മൾ എങ്ങനെയാണ് ചെയ്തത് എന്ന് അറിയാൻ കഴിയൂ. പക്ഷേ, ഇപ്പോൾ അങ്ങനെ അല്ലല്ലോ എന്നാണ് സാന്ദ്ര പ്രതികരിക്കുന്നത്.
അപ്പോൾ തന്നെ കണ്ടു കഴിഞ്ഞാൽ നമ്മുടെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ പറ്റും. പ്രൊഡ്യൂസർ തന്നെ ചിലപ്പോൾ പറയാറുണ്ട്, എഡിറ്റ് കണ്ടു നോക്കാൻ. എഡിറ്റ് കാണണം എന്ന് ആവശ്യപ്പെട്ടതിന് വിലക്കുക എന്നതിനോട് യോജിപ്പില്ല. ഷെയ്നിന്റെ അമ്മ കാണണം എന്നു പറഞ്ഞതിന്, അമ്മയെ ആണ് എല്ലാവരും ആരോപണവിധേയ ആക്കുന്നതെന്നും സാധാരണ താരങ്ങളുടെ മാനേജർ എഡിറ്റ് കാണാറുണ്ടെന്നും സാന്ദ്ര തോമസ് വിശദീകരിക്കുന്നു.
ALSO READ- ബോളിവുഡ് നടി ജിയ ഖാന്റെ മരണം; കാമുകൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി
‘ഷെയ്നിന്റെ അമ്മയാണ് മാനേജർ. അമ്മ എഡിറ്റ് കാണണം എന്ന് പറഞ്ഞതാണോ ഇവിടെ പ്രശ്നം? മുൻപ് ഷൂട്ടിങ്ങിൽ എന്തോ പ്രശ്നം ഉണ്ടായതിൽ പിന്നെ ആണ് ഷെയ്നിന്റെ കാര്യങ്ങൾ അമ്മ ഏറ്റെടുത്തത്. വേറെ സുഹൃത്തുക്കളോ മാനേജരോ ഇല്ലാത്തതുകൊണ്ടായിരിക്കാം ഷെയ്നിനു വേണ്ടി അമ്മ വന്നു സംസാരിക്കുന്നത്. അതിനെ മോശം രീതിയിൽ പറഞ്ഞു ഫലിപ്പിച്ച്, പേടിപ്പിച്ചു വിടുന്നതിനോട് എനിക്ക് അഭിപ്രായമില്ല.’- എന്നും സാന്ദ്ര തോമസ് വിശദീകരിച്ചു.
Discussion about this post