കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിലെ കനലിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല. തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാള്‍ സ്വദേശി നസീര്‍ ഷെയ്ഖാണ് മരണപ്പെട്ടത്.
മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താന്‍ ശ്രമിക്കവേയാണ് നസീര്‍ അഗ്നി ഗര്‍ത്തത്തിലേക്ക് വീണത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്സല്‍ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീര്‍ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പ്ലൈവുഡ് മാലിന്യങ്ങള്‍ വര്‍ഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീര്‍ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാന്‍ ശ്രമിക്കുകയായിരുന്നു.
അടിഭാഗത്ത് തീ കത്തിയുണ്ടായ ഗര്‍ത്തത്തിലേക്ക് നസീര്‍ പതിച്ചെന്നാണ് കരുതുന്നത്.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ മുര്‍ശിദാബാദ് സ്വദേശിയാണ് നസീര്‍.
അതേസമയം, പ്ലൈവുഡ് ഫാക്ടറിയില്‍ നിയമ വിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പഞ്ചായത്ത് ആരോപിച്ചു. മാലിന്യം നീക്കാന്‍ രണ്ട് മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നെന്നും മാലിന്യം നീക്കാതെ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് വ്യക്തമാക്കി.
Discussion about this post