കട്ടപ്പന: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ പേടിസ്വപ്നമായി മാറിയിരിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ ആരംഭിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4 ന് ദൗത്യം തുടങ്ങും.
തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍ ഒരുക്കിയത്. ചിന്നക്കനാലിലും ശാന്തന്‍പാറയിലെ 1,2,3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 144 പ്രഖ്യാപിക്കുന്നത്. വെളുപ്പിന് നാലുമണിമുതല്‍ ദൗത്യും പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.
വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും മോക്ക് ഡ്രില്ലില്‍ പങ്കെടുക്കുന്നുണ്ട്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കില്‍ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക.
പിടികൂടിയ അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രില്‍ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post