ആലപ്പുഴ: അഭിഭാഷകരെയെല്ലാം കബളിപ്പിച്ച് വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവർത്തിച്ച സംഭവത്തിൽ കേസായതോടെ മുങ്ങിയ സെസി സേവ്യർ മാസങ്ങൾക്ക് ശഏഷം പിടിയിൽ. സെസി സേവ്യർ ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. മാസങ്ങൾ തിരഞ്ഞിട്ടുംസെസി സേവ്യറെ പോലീസിന് കണ്ടെത്താനായിരുന്നില്ല.
ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പോലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്.
സെസിയുടെ യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ്, ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് പരാതി ഉയർന്നത്.
പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സെസി, അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്.
Discussion about this post