തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയത് പ്രസവത്തിന് മുൻപ് തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത് മുൻ നിശ്ചയിച്ച പ്രകാരമാണ്. കുഞ്ഞിന്റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് ഏഴാം മാസത്തിലായിരുന്നു. അന്ന് ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണെന്നും പോലീസ് കണ്ടെത്തി.
കുഞ്ഞിനെ വിൽക്കാനുള്ള കച്ചവടമൊക്കെ ഉറപ്പിച്ചതിന് ശേഷമാണ് യുവതി ചികിത്സ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടുമില്ല. മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല. പ്രതിദിനം ശരാശരി 700 പേർ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണിതെന്നതും അശ്രദ്ധകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇതിനിടെ,നവജാത ശിശുവിനെ വിറ്റ സംഭവം ഗൗരവമുളളതാണെന്ന് ബാലാവകാശ കമ്മീഷൻ പ്രതികരിച്ചു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ കമ്മീഷൻ പോലീസിന് നിർദേശം നൽകി. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും സംഭവത്തിൽ ഇടനിലക്കാരുണ്ടോ എന്ന് പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ പ്രതികരിച്ചു.
Discussion about this post