ആലപ്പുഴ: പോസ്റ്റ് ഓഫീസിലെ നിക്ഷേപ പദ്ധതിയിൽ നിന്നും ലക്ഷങ്ങളുടെ തുക തട്ടിയെടുത്തേ വനിതാ പോസ്റ്റ്മാസ്റ്റർ. ആലപ്പുഴക്കാരി അമിത നാഥാണ് 21 നിക്ഷേപകരിൽ നിന്നായി 21 ലക്ഷത്തോളം പണം കവർന്നത്. ഈ പണം മുഴുവന് അമിത ഓൺലൈൻ ചീട്ടുകളിയിൽ ചെലവഴിച്ചെന്നാണ് വിവരം.
അമിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ല. ഈ പണം ഉപയോഗിച്ച് വീടോ സ്ഥലമോ മറ്റ് വസ്തുക്കളോ വാങ്ങിയിട്ടുമില്ല. ഇതോടെയാണ് അമിത, പണം റമ്മി കളിക്കാൻ ചെലവാക്കിയെന്ന് പോലീസ് സംശയിക്കുന്നത്. എന്നാൽ യുവതിയുടെ മൊഴിയിൽ പണം ചെലവഴിച്ചത് എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ല.
മാരാരിക്കുളത്ത് പോസ്റ്റ് മാസ്റ്റർ ആയിരിക്കെ 21 ലക്ഷം രൂപ പലരുടെയും അക്കൗണ്ടുകളിൽ നിന്നായി അമിത നാഥ് തട്ടിയെടുക്കുകയായിരുന്നു. ഇതുവരെ പണം നഷ്ടപ്പെട്ട 21 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. കൂടുതൽ തട്ടിപ്പിന് ഇരയായോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
അമിതയുടെ പേരിൽ സ്വന്തമായി സ്വത്ത് വകകളൊന്നുമില്ല. സ്റ്റുഡിയോ നടത്തുന്ന ഭർത്താവിനൊപ്പമാണ് താമസം. നാല് വർഷം മുൻപെടുത്ത കാർ വായ്പ മാത്രമാണ് ആകെയുള്ള ബാധ്യത. പിന്നെ എന്തിന് വേണ്ടി പണം ചെലവഴിച്ചു എന്നാണ് പോലീസ് അന്വേഷണം.
ALSO READ- ഭാര്യ പിതാവിന്റെ മരണ വിവരമറിഞ്ഞ് സൗദിയിലെത്തി, 35കാരനായ മലയാളിക്ക് ദാരുണാന്ത്യം
ഇവർ ഓൺലൈൻ റമ്മി കളിച്ചിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമിതയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. അമിതയുടെ ബാങ്ക് അക്കൗണ്ടിലും വലിയ തുകയില്ല. ആദ്യഘട്ടത്തിൽ പരാതിയുമായി എത്തിയ ചില നിക്ഷേപകർക്ക് വീട്ടുകാർ തന്നെയാണ് പണം തിരികെ നൽകിയിരുന്നത്.
വീട്ടുകാർ സ്ഥലം വിറ്റാണ് ഇതിനുള്ള പണം കണ്ടെത്തിയത്. നിക്ഷേപ പദ്ധതിയിൽ ചേരുന്നവരുടെ പാസ് ബുക്കിലെ ആദ്യ പേജ് കീറിക്കളഞ്ഞ് നൽകുകയാണ് അമിത ചെയ്തിരുന്നത്. കൂടാതെ, നിക്ഷേപകന്റെ പേരിൽ യഥാർഥ അക്കൗണ്ട് ഉണ്ടാവുകയുമില്ല. നിക്ഷേപകൻ അടയ്ക്കുന്ന പണം അമിത കൈവശം വെക്കുന്നതായിരുന്നു പതിവ്. പിന്നീട് കാലാവധി കഴിഞ്ഞ നിക്ഷേപ പദ്ധതിയിൽനിന്ന് പണം പിൻവലിക്കാൻ എത്തിയ നിക്ഷേപകനാണ് തന്റെ പേരിൽ സ്വന്തമായി അക്കൗണ്ട് പോലുമില്ലെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.
Discussion about this post