കോട്ടയം: മണിമലയിലെ വാഹനാപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ മരണപ്പെട്ട
സംഭവത്തില്‍ അറസ്റ്റിലായ ജോസ് കെ മാണിയുടെ മകന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവര ശേഖരണം നടത്തി. കെഎം മാണി (19) ഓടിച്ച ഇന്നോവ കാറിനു പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു.
പോലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുന്നത്.
ജോസ് കെ മാണിയുടെ മകന് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അതേസമയം, വാഹനാപകടത്തില്‍ അറസ്റ്റിലായ ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയറിന്റെ പേര് ആദ്യ എഫ്ഐആറില്‍ ഇല്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിള്‍ എടുത്തില്ലെന്നും രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമമെന്നുമാണ് പരാതി. 45 വയസ്സുളളയാള്‍ എന്നാണ് എഫ്ഐആറില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുളളത്.
ശനിയാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ജോസ് കെ മാണിയുടെ മകനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് പോലീസ് എത്തുമ്പോള്‍ ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ 45 വയസ്സുളളയാളാണ് വാഹനമോടിച്ചതെന്നാണ് ആദ്യ എഫ്ഐആറില്‍ നല്‍കിയതെന്നും ആരോപിതര്‍ പറയുന്നു.
മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ ജിസ് (35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഇരുവരും അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍പോയി മടങ്ങിവരുകയായിരുന്നു.ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. മാത്യു ജോണും ജിന്‍സ് ജോണും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്.
Discussion about this post