തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വെച്ച് ബൈക്കിൽ ടിപ്പർ ലോറിയിച്ച് കൊലക്കേസ് പ്രതി മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. ടിപ്പർ ലോറിയുടെ ഡ്രൈവർ ശരത് കേസിൽ പോലീസിൽ കീഴടങ്ങി. പെരുങ്കടവിള സ്വദേശി രഞ്ജിത്ത് ആർ രാജ് ആണ് ഞായറാഴ്ച രാവിലെ ബൈക്കിൽ ടിപ്പറിടിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.
രാവിലെ 10.45-ന് പുനയൽക്കോണത്തുവെച്ച് ആണ് അപകടം സംഭവിച്ചത്. ടിപ്പർ ലോറി ഓടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ ടിപ്പറിലുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. ശേഷം അവരും ഒളിവിൽപ്പോയിരുന്നതായി മാരായമുട്ടം പോലീസ് പറഞ്ഞു.
അതേസമം, രഞ്ജിതിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഏഴ് വർഷം മുമ്പ് നടന്ന വടകര ജോസ് കൊലക്കേസിലെ രണ്ടാം പ്രതിയാണ് മരണപ്പെട്ട രഞ്ജിത്ത്. കേസിലെ രണ്ട് പ്രതികൾക്ക് സമാനമായ രീതിയിൽ മരണം സംഭവിച്ചിരുന്നു. പിന്നാലെ രഞ്ജിത് കൂടി മരിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ഏറിയത്.
അപകടത്തിനുശേഷം ടിപ്പർ ലോറി ഡ്രൈവർ ശരത് ഒളിവിൽപോയിരുന്നു. പിന്നീട് ശരത്ത് തിങ്കളാഴ്ചയാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. താൻ ബോധപൂർവം ടിപ്പർലോറി ബൈക്കിൽ ഇടിച്ചുവെന്ന് മൊഴിയും ശരത് നൽകിയിട്ടുണ്ട്.
താനുമായി ഈസ്റ്റർ ദിനത്തിൽ രഞ്ജിത്ത് വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും അതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഡ്രൈവർ മൊഴി നൽകി. അതേസമയം, കേസിൽ ശരത്തിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. അതിനുശേഷം മാത്രമെ ശരത് നൽകിയ മൊഴി അടക്കമുള്ളവയിൽ സ്ഥിരീകരണം ഉണ്ടാകൂ.
കോൺഗ്രസ് പ്രവർത്തകനായ വടകര ജോസിനെ 2015-ൽ മാരായമുട്ടം ബിവറേജസ് മദ്യവില്പനശാലയ്ക്കു മുന്നിൽവെച്ച് ആറു പേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് രഞ്ജിത് പ്രതിയായിരുന്നത്.
Discussion about this post