തിരൂർ: വീണ്ടും പരാതിക്കിടയാക്കി തിരൂരിലെ ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ. പ്രസവ വേദന വന്നെന്ന് അറിയിച്ചിട്ടും ജീവനക്കാർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു.
തിരൂർ ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്റെപുരക്കൽ ജംഷീറിന്റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരുടെ അനാസ്ഥ കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചത്. കുഞ്ഞ് പ്രസവത്തിൽ തറയിൽ വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രസവത്തിനിടെ നവജാതശിശു തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീഴുകയായിരുന്നു.
കുഞ്ഞിന് തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തം സ്രാവവുമുണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യഴാഴ്ച ഉച്ചയോടെയായിരുന്നു ആ സംഭവം. ജില്ല ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയിരുന്ന സഹീറക്ക് ഏപ്രിൽ 7ന് വെള്ളിയാഴ്ചയായിരുന്നു ഡോക്ടർ പ്രസവത്തിന് തീയതിയായി അറിയിച്ചിരുന്നത്.
എന്നാൽ വ്യാഴാഴ്ച തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ട സഹീറയെ രാവിലെ എട്ടോടെ തിരൂർ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭർത്താവിന് സ്ത്രീകളുടെ വാർഡായതിനാൽ പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഭർതൃ മാതാവും ഭർത്താവിന്റെ മാതൃസഹോദരിയും സഹീറയുടെ സഹോദരിയും വാർഡിൽ സഹീറയ്ക്ക് ഒപ്പമുണ്ടായിരുന്നു.
8.30 ഓടെ ഡോക്ടർ പരിശോധിക്കുകയും ഗർഭപാത്രം വികസിച്ചിട്ടില്ലെന്ന് അറിയിക്കുകയുമായിരുന്നു. എന്നാൽ പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടു. ഈ വിവരം ഡ്യൂട്ടി നഴ്സുമാരെ പല തവണ അറിയിച്ചിട്ടും അവർ സമയം ആയിട്ടില്ലെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു. യുവതിയെ പ്രസവമുറിയിലേക്ക് കയറ്റാനും നഴ്സുമാർ തയ്യാറായില്ല.
പിന്നീട് വേദന സഹിക്കാനാവാതെ യുവതിയെ മൂത്രമൊഴിക്കാൻ ആശുപത്രിയിലെ പ്രസവമുറിയുടെ മൂത്രപ്പുരയിൽ ബന്ധുക്കൾ പ്രവേശിപ്പിച്ചു. പിന്നീട് രണ്ടാം തവണയും മൂത്രപ്പുരയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ യുവതിക്ക് പ്രസവ ലക്ഷണങ്ങളുണ്ടാണ്യ ഇത് ഭർതൃമാതാവ് നഴ്സുമാരെ അറിയിച്ചെങ്കിലും അവർ വഴ്കക് പറഞ്ഞ് അവരെ തിരിച്ചയയ്ക്കുകയായിരുന്നു.
യുവതിയുടെ വസ്ത്രത്തിലാകമാനം രക്തമായിട്ടും അവഗണനയായിരുന്നു. പിന്നീട് വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. യുവതി എഴുന്നേറ്റ് നിൽക്കുന്ന ഈ അവസ്ഥയിൽ തന്നെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. തറയിൽ വീണ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
പിന്നീട് കുഞ്ഞിനെ ബന്ധുക്കളെ കാണിക്കാനും ജീവനക്കാർ തയ്യാറായില്ല. നിരന്തരം ആവശ്യപ്പെട്ടതോടെ പാൽ കുടിക്കാൻ മാതാവിന്റെ അരികിലെത്തിച്ചു. പിന്നീട് എക്സറേ എടുക്കാൻ കൊണ്ട് പോയി. എക്സറേയിൽ കുഴപ്പമില്ലെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പിന്നീട് ബന്ധുക്കളെത്തി ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടായതിന് പിന്നാലെയാണ് പീഡിയാട്രീഷ്യനെ വിളിച്ച് വരുത്തി രാത്രിയോടെയാണ് കുട്ടിയെ സ്കാൻ ചെയ്തത്. സ്കാനിങ് റിപ്പോർട്ടിൽ കുട്ടിയുടെ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും തലച്ചോറിൽ രക്തം കട്ടപിടിച്ചതും കണ്ടെത്തുകയായിരുന്നു.
ഇതോടെ. ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും എൻഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാതാവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ തിരൂരിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.
അതേസമയം, തലയോട്ടിക്ക് പരിക്കേറ്റ കുഞ്ഞിന്റെ ഭാവിയോർത്ത് ആശങ്കയിലാണ് കുടുംബം. അടുത്ത ദിവസം തന്നെ സംഭവത്തിൽ പരാതി നൽകുമെന്നും കുട്ടിയുടെ കുടുംബം അറിയിച്ചിരിക്കുകയാണ്.
അതേസമം, തിരൂരിലെ ആശുപത്രി ജീവനക്കാരുടെ പെരുമാറ്റദൂഷ്യത്തെ കുറിച്ച് നിരന്തരം രോഗികൾ പരാതിപ്പെട്ടിരുന്നു. കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലാക്കിയുള്ള ഇവരുടെ പ്രവർത്തി ജനരോഷം വർധിപ്പിച്ചിരിക്കുകയാണ്.
തിരൂർ ജില്ല ആശുപത്രിയിൽ മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ പ്രതികരിച്ചു. സംഭവത്തിൽ കർശനമായ അന്വേഷണം നടത്തണമെന്നും നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post