റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശുര് കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂക്കിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
രാത്രി 10 മണിയോടെയായിരുന്നു സംഭവം. റൂമില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ സുനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരിച്ചത്. 15 വര്‍ഷത്തിലേറെയായി തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹയറിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു സുനില്‍. മൃതദേഹം തബുക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍.
മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ – ഷീജ സുനില്‍. മക്കള്‍ – വിദ്യാര്‍ഥികളായ എം.എസ്. സ്നേഹ (22), എം.എസ്. അമൃത (18).
Discussion about this post