കോഴിക്കോട്: അക്രമി ട്രെയിനിലെ യാത്രക്കാരെ തീയിട്ട ദാരുണസംഭവത്തില്‍ ഇരകളായത് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞു മാതൃസഹോദരിയും. കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗം തീരാസങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് കുടുംബങ്ങളെ.
കുഞ്ഞുമകളുടെ വിയോഗം ഒന്നും അറിയാതെ പുണ്യ ഭൂമിയില്‍ ഉംറ നിര്‍വഹിക്കുകയായിരുന്നു സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലെത്തിയിരുന്നു ഷുഹൈബ്. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയില്‍ നിന്ന് ഷുഹൈബ് ഇന്നാണ് നാട്ടിലെത്തിയത്. ചേതനയറ്റ സഹറയെ കണ്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു പിതാവ്.
ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്രിയ മന്‍സിലില്‍ റഹ്മത്തിന്റെ കൂടെയുള്ള ട്രെയിന്‍ യാത്രയിലാണ് സഹറയ്ക്ക് ജീവന് നഷ്ടമായത്. റഹ്മത്തും അപകടത്തില്‍ മരിച്ചിരുന്നു.
ആലപ്പുഴ- കണ്ണൂര്‍ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് രാവിലെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ട് വയസുകാരി സഹറ എന്നിവര്‍ക്കൊപ്പം മട്ടന്നൂര്‍ സ്വദേശി നൗഫിക്ക് എന്നയാളും മരിച്ചിരുന്നു. ട്രെയിന്‍ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്. റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്ന് കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപമുള്ള റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്.
Discussion about this post