തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. സമൂഹമാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിലുള്ള പ്രചരണങ്ങളും തുടങ്ങി. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ വെച്ചുവാഴിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി, അക്രമികള്‍ക്ക് പൂട്ടിടാന്‍ പോലീസ് ‘ഓപ്പറേഷന് ബ്രോക്കണ്‍ വിന്‍ഡോ’ എന്ന പേരില്‍ പദ്ധതി ആവിഷ്കാരം ചെയ്തു.
അതേസമയം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം ഉണ്ടായ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാനും അക്രമികളെ അറസ്റ്റു ചെയ്യാനും കരുതല്‍ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴില്‍ രൂപീകരിക്കും. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതല്‍ വഷളാകാതിരിക്കാന്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഓപ്പറേഷന്. മാത്രമല്ല അക്രമികളുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആല്‍ബം തയ്യാറാക്കുകയും ചെയ്യും. ഇതിനുപുറമെ ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തും, ഫോണ്‍ നിരീക്ഷിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
ഹര്‍ത്താലിനിടെ ബേക്കറി ജംഗഷനില്‍ വച്ച് കരിങ്കൊടികാണിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹമനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ മന്ത്രിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, വാഹനവ്യൂഹം തടയുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നുമായിരുന്നു ഡിജിപിയുടെ വാദം.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസുകള്‍ പ്രത്യേക സംഘം ഗൗരവമായി അന്വേഷിക്കും. സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കതിരെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post