ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രൂക്ഷമായി പ്രതികരിച്ച് നടന് ഹരീഷ് പേരടി. അപകീര്‍ത്തി കേസില്‍ ഗുജറാത്ത് കോടതി രാഹുലിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോക്സഭാ സെക്രട്ടേറിയേറ്റാണ് രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്.
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന്…
സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകള്‍ കല്പ്പിക്കുന്നു.. അതുകൊണ്ട് തന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം എന്നാണ് നടന് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അതിന് എന്ത് വിലകൊടുക്കാനും താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി നടപടിയില്‍ പ്രതികരിച്ചത്.
നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.
ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലാകെ പ്രതിഷേധം നിറയുകയാണ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയറിയിച്ചിട്ട്.
Discussion about this post