കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനും എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. പുതിയ ചിത്രമായ ‘നല്ല സമയത്തില്‍’ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നെന്ന പരാതിയിലായിരുന്നു കേസ് എടുത്തത്.
സിനിമയുടെ ട്രെയ്ലറില് എംഡിഎംഎയുടെ ഉപയോഗത്തിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണിച്ചുവെന്ന പരാതിയിലാണ് എക്സൈസ് കേസ് എടുത്തത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമായിരുന്നു കേസ്.
കേസിന്റെ പശ്ചാത്തലത്തില്‍ ഒമര്‍ ലുലു തന്റെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ ലുലുവും നിര്‍മ്മാതാവും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിനിമയിലെ രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അഭിനേതാക്കള്‍ അത് യഥാര്‍ത്ഥത്തില്‍ ചെയ്തുവെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് വിജി അരുണ്‍ ഉത്തരവില്‍ വ്യക്തമാക്കി.
‘ഒരു സിനിമയിലെ രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അഭിനേതാക്കള്‍ അത് യഥാര്‍ത്ഥത്തില്‍ ചെയ്തുവെന്ന അനുമാനത്തിലേക്ക് നയിക്കാന്‍ കഴിയാത്തതിനാല്‍ സെക്ഷന്‍ 27 ബാധകമാകില്ല. വാദം സ്വീകരിക്കുകയാണെങ്കില്‍, വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കുന്നവര്‍ കൊലപാതകം, തീവെപ്പ്, ബലാത്സംഗം എന്നിവയ്ക്ക് വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും,’ കോടതി ചൂണ്ടിക്കാണിച്ചു.
ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ ഏറെയും പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
Discussion about this post