ഷില്ലോങ്: മേഘാലയയിലെ ഖനിക്കുള്ളില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തിയൊന്ന് ദിവസമായി. ഇതുവരെ തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിച്ചില്ല. ഇനി പ്രതീക്ഷകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടിയല്ല അവരുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഖനിക്കുള്ളില്‍ കുടുങ്ങിയവരെക്കുറിച്ച് കുടുംബങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു കഴിഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരുടെ മൃതദേഹമെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ ഈ കുടുംബങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 13 നാണ് മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്. 320 അടി ആഴമുള്ള ഖനിയില്‍ തൊട്ടടുത്ത നദിയില്‍ നിന്ന് വെള്ളം കയറി പ്രധാന കവാടം അടഞ്ഞുപോയത് കാരണമാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിപ്പോയത്.
പമ്പുകളുപയോഗിച്ച് ഖനിയിലെ വെള്ളം മുപ്പത് മീറ്ററായി താഴ്ത്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ആറ് മണിക്കൂര്‍ കൊണ്ട് 7.20 ലിറ്റര്‍ വെള്ളമാണ് ഖനിക്കുള്ളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പമ്പ് ചെയ്ത് മാറ്റിയത്. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തകരായി ഇവിടെയുളളത്. ഇതുവരെ ഖനിയുടെ അടിത്തട്ടില്‍ എത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും സാധിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് ആകെ കണ്ടെത്താനായത് ഖനിത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ്.
Discussion about this post