തിരുവനന്തപുരം: ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനവും എലിഫന്റ് വിസ്പേഴ്സും ഇന്ത്യയിലേക്ക് ഓസ്കാര്‍ എത്തിച്ചിരിക്കുകയാണ്. 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന് ഓസ്കാര്‍ നേടിയിരിക്കുകയാണ് നാട്ടു നാട്ടുവിലൂടെ. എംഎം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്.
കീരവാണിയുടെ ഈ നേട്ടത്തില്‍ സന്തോഷം പങ്കുവച്ചിരിയ്ക്കുകയാണ് മലയാളിയുടെ പ്രിയ ഗായിക കെഎസ് ചിത്ര. കീരവാണി തന്നെ തന്റെ പ്രിയപ്പെട്ട ഗായിക എന്ന് ചിത്രയെ വിശേഷിപ്പിച്ചിരുന്നു.
കീരവാണിക്ക് അര്‍ഹിച്ച അംഗീകാരമാണ് ഓസ്കാര്‍ നേട്ടമെന്ന് ചിത്ര പറഞ്ഞു. ഒരുപാട് സന്തോഷമുള്ള കാര്യമാണ് ഇത്. അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏറെ അവാര്‍ഡുകള്‍ വീണ്ടും അദ്ദേഹത്തിന് ലഭിക്കട്ടെ.
നല്ലൊരു സംഗീതജ്ഞന് നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍. എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകനാണ് അദ്ദേഹം. തീര്‍ത്തും എളിമയുള്ള ഒരു വ്യക്തിയാണ് കീരവാണി. ചിത്രഗാരു എന്നാണ് കീരവാണി സാര്‍ വിളിക്കാറ്. എസ്പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധമാണ് കീരവാണി സാറിന് ഉണ്ടായിരുന്നത്. താന്‍ ഒരു ഗാനത്തില്‍ നിന്നും ഉദ്ദേശിക്കുന്നതിന്റെ പത്തിരട്ടി എസ്.പി.ബി സാര്‍ നല്‍കാറുണ്ടെന്ന് കീരവാണി സാര്‍ പറയുമായിരുന്നു.
എന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും എന്നെ ഒപ്പം ഇരുത്തി ഒരോ വാക്കിന്റെ അര്‍ത്ഥവും പഠിപ്പിച്ചാണ് അദ്ദേഹം പാഠിക്കാറുള്ളത്. എന്നൊടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയുന്നത് കൊണ്ടായിരിക്കാം ഇത്.
വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍. നിങ്ങള്‍ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍ എന്തു ചെയ്യും എന്നൊക്കെ ചോദിച്ചയാളാണ്. ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും വാങ്ങുന്നു. എല്ലാ വിശേഷ അവസരങ്ങളിലും ഞങ്ങള്‍ സന്ദേശം അയക്കാറുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദന സന്ദേശം അയച്ചിരുന്നു. തിരിച്ച് ‘താങ്ക്യൂ ചിത്ര ഗാരൂ’ എന്ന് മറുപടിയും വന്നു – കെഎസ് ചിത്ര പറയുന്നു.
Discussion about this post