കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടറെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലില്‍ വീട്ടില്‍ തന്‍സിയ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു തന്‍സിയയെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്‍സിയയുടെ മരണം സ്വാഭാവികമരണമാണെന്ന് കണിയാമ്പറ്റ പൊലീസ് അറിയിച്ചു. തന്‍സിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാത്രിയാണ് തന്‍സിയയുടെ സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ തന്‍സിയ എത്തിയത്. വീട്ടിലുള്ളവരുമായി സംസാരിച്ച് ഭക്ഷണം കഴിച്ചശേഷം കിടന്നതായിരുന്നു തന്‍സിയ.
എന്നാല്‍ രാവിലെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് ഫ്ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ വായില്‍നിന്ന് നുരയും പതയും വന്നനിലയില്‍ തന്‍സിയ കമിഴ്ന്നുകിടക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മൃതദേഹം പോലീസെത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനിയാണ് തന്‍സിയ. ഭര്‍ത്താവ്: താമരശ്ശേരി പുത്തന്‍വീട്ടില്‍ ഫരീദ് (ബിസിനസ്). പിതാവ്: പരേതനായ ഷൗക്കത്ത്. മാതാവ്: ആമിന. സഹോദരങ്ങള്‍: ആസിഫ് അലി, അന്സിത.
Discussion about this post