ഷൊർണൂർ: കൃത്യ സമയത്ത് എത്താൻ കഴിയാതിരുന്നതോടെ സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാനായി ട്രെയിൻ തടയാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ. ഷൊർണൂരിൽ വെച്ചാണ് പഞ്ചാബ് സ്വദേശി ജയ്സിങ് റാത്തറിനെ പോലീസ് പിടികൂടിയത്.
രാജധാനി എക്സ്പ്രസിൽ കയറാൻ വേണ്ടിയായിരുന്നു ഇയാൾ ബോംബ് ഭീഷണി മുഴക്കി ട്രെയിനിനെ തടഞ്ഞത്. മാർബിൾ വ്യാപാരിയായ ജയ്സിങ് കച്ചവട ആവശ്യത്തിനായാണ് എറണാകുളത്തെത്തിയത്. ഇവിടെനിന്ന് പുലർച്ചെയുള്ള രാജധാനി എക്സ്പ്രസിൽ പുറപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെത്തിയപ്പോഴേക്കും ട്രെയിൻ എറണാകുളം സ്റ്റേഷൻ വിട്ടു. ഇതോടെ തൃശ്ശൂരിലെ കൺട്രോൾ റൂമിലേക്ക് വിളിച്ച് ട്രെയിനിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് ട്രെയിൻ പരിശോധനയ്ക്കായി പിടിച്ചിടുമെന്ന് ജയ്സിങിന് ഉറപ്പായതോടെ തൃശ്ശൂരിലേക്ക് ബസിൽ പുറപ്പെട്ടു. ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്കായി തൃശ്ശൂരിൽ ട്രെയിൻ പിടിച്ചിടുമെന്നായിരുന്നു ഇയാളുടെ ധാരണ. എന്നാൽ ട്രെയിൻ ഷൊർണൂരെത്തിയപ്പോഴാണ് നിർത്തിയിട്ട് പരിശോധിച്ചത്. ഇതറിഞ്ഞ ജയ്സിങ് തൃശ്ശൂരിൽ നിന്ന് ഓട്ടോ പിടിച്ച് ഷൊർണൂരിലെത്തി.
തുടർന്ന് ഷൊർണൂരിൽവെച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ, ഒരു പേടിയുമില്ലാതെ ജയ്സിങ് കയറുകയായിരുന്നു. ഇതു കണ്ടാണ് ഉദ്യോഗസ്ഥർക്ക് സംശയമുണർന്നത്. പരിശോധിച്ചപ്പോൾ ഇയാൾ ടിക്കറ്റെടുത്തത് എറണാകുളത്തുനിന്നാണെന്ന് മനസ്സിലായി.
പക്ഷെ, എറണാകുളം മുതൽ ഷൊർണൂർ വരെ ഇയാൾ ട്രെയിനിലുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നി ആർപിഎഫ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് ഭീഷണി മുഴക്കിയ കാര്യം തുറന്നു പറഞ്ഞത്.
ജയ്സിങ്ങിന്റെ ഫോൺ കോൾ കാരണം മൂന്നുമണിക്കൂർ വൈകിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. ഇയാളുടെ കൈയ്യിൽ നിന്നും ഭീഷണി മുഴക്കിയ ഫോണും സിമ്മും പോലീസ് കണ്ടെടുത്തതാണ് വഴിത്തിരിവായത്.
Discussion about this post