ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാട് ചര്‍ച്ച പാര്‍ലമെന്റില്‍ ബഹളത്തില്‍ മുങ്ങിയതിനിടെ കടലാസ് പറത്തി പ്രതിപക്ഷ കക്ഷികള്‍. ലോക്സഭക്കുള്ളില്‍ കടലാസ് വിമാനങ്ങള്‍ മൂളിപ്പറന്നത് സ്പീക്കറേയും അസ്വസ്ഥയാക്കി. പ്രതിഷേധപ്രകടനമായി കടലാസ് തുണ്ടുകള്‍ കീറിയെറിഞ്ഞാണ് എഡിഐഎംകെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ അസ്വസ്ഥത സൃഷ്ടിച്ചത്. പലവട്ടം സഭാനടപടി സ്തംഭിക്കുകയും ചെയ്തു.
ദിവസങ്ങളായി സ്തംഭനം തുടരുന്ന ലോക്സഭയില്‍ റാഫേല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത് ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ധാരണയില്‍ എത്തിയതു പ്രകാരമാണ്. എന്നാല്‍, കാവേരി വിഷയത്തില്‍ എഐഎഡിഎംകെയുടെ നടുത്തളത്തില്‍ സമരം തുടര്‍ന്നു. തമിഴക പാര്‍ട്ടി ഉയര്‍ത്തിയ ബഹളങ്ങളുടെ അകമ്പടിയോടെയാണ് ചര്‍ച്ച മുന്നേറിയത്.
റാഫേല്‍ ഇടപാട് ചോദ്യംചെയ്യുന്ന പ്രതിപക്ഷത്തെ നയിച്ച് ആദ്യം സംസാരിച്ചത് രാഹുല്‍ ഗാന്ധിയാണ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വിവാദമുയര്‍ത്തുന്ന ഓഡിയോ ടേപ് തന്റെ കൈവശമുണ്ടെന്നും സഭയില്‍ കേള്‍പ്പിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞതോടെ ബഹളം മുറുകി. നേരിടാന്‍ അരുണ്‍ ജെയ്റ്റ്ലി രംഗത്തിറങ്ങി. സഭയിലെ ബഹളം കനക്കുന്നതിനിടയില്‍ പ്രതിപക്ഷ നിരയില്‍നിന്ന് പലവട്ടം കടലാസ് വിമാനങ്ങള്‍ കേന്ദ്രമന്ത്രിമാരുടെ ഇരിപ്പിടത്തിലേക്ക് പറന്നുചെന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കോണ്‍ഗ്രസും പ്രതിഷേധിച്ചു.
Discussion about this post