ചെറുതോണി: ശരിക്കും വിമാനം പോലെതന്നെയെന്ന് തോന്നിക്കുന്ന തരത്തില്‍ വ്യത്യസ്ത മാതൃകയില്‍ വീട് നിര്‍മ്മിച്ച് വിമല്‍ ഇടുക്കി. ഇടുക്കി വിമലഗിരി കാറ്റുപാറയിലാണ് വിമല്‍ ഇടുക്കി എന്നറിയപ്പെടുന്ന ജോസ് ദേവസ്യയുടെ ഭാവനയില്‍ ‘വിമാന വീട്’ ഉയര്‍ന്നത്. മാജിക് പ്ലാന്റ് എന്നപേരില്‍ നിര്‍മ്മിക്കുന്ന വീട് കാണാന്‍ നിരവധി സന്ദര്‍ശകര്‍ കാട് കയറുന്നുണ്ട്.
കലാസംവിധായകനും സ്ട്രീറ്റ് പെയിന്ററും കൂടിയായ വിമല്‍ ഇടുക്കി(58) കൊവിഡ് കാലത്ത് കോട്ടയം പാലായിലെ വീട്ടിലിരുന്നു മടുത്തപ്പോഴാണ് വിമലഗിരിയില്‍ നാല് പതിറ്റാണ്ട് മുമ്പ് വാങ്ങിയിട്ട ഭൂമിയില്‍ എത്തിയത്. അപ്പോള്‍ ആ പാറക്കൂട്ടം കാടുകയറി മൂടിയിരുന്നു. പിന്നീട് ഉള്‍ക്കാടുകള്‍ മാത്രം വെട്ടിയൊതുക്കി വീടുപണി തുടങ്ങുകയായിരുന്നു.
പാറയില്‍ പില്ലര്‍ കെട്ടി അതിനുമുകളില്‍ തടാകത്തിന്റെ മാതൃകയില്‍ തറയൊരുക്കിയായിരുന്നു നിര്‍മാണം. ആദ്യം തകിടുകൊണ്ട് വിമാനത്തിന്റെ ചട്ടക്കൂട് രൂപപ്പെടുത്തി.70 അടി നീളവും 10 അടി വീതിയുമുള്ള വിമാന വീടിന് രണ്ടാള് പൊക്കമുണ്ട്. വിമാനത്തിന്റെ മുന്‍ഭാഗത്ത് സ്റ്റേജും ഇതിനോടുചേര്‍ന്ന് മുപ്പതടി നീളമുള്ള രണ്ട് മുറികളും ഒരു ശുചിമുറിയും ഉണ്ട്. മുറികളെ വേര്‍തിരിക്കുന്ന ഭിത്തി ആവശ്യാനുസരണം നീക്കാം. ഭിത്തികളിലെ അലമാരകള്‍ വേണമെങ്കില്‍ കട്ടില്പോലെ നിവര്‍ത്തി ഉപയോഗിക്കാം.
മരക്കമ്പുകളില്തട്ടി ഒരുഭാഗത്തെ ചിറകുകള് തകര്‍ന്ന് കുന്നിന്മുകളിലെ തടാകത്തിലേക്ക് വിമാനം ഇടിച്ചിറങ്ങുന്ന രീതിയില്‍ രൂപകല്പന വീട്ടില്‍ വൈദ്യുതിയും വെള്ളവും എല്ലാം സജ്ജമായിക്കഴിഞ്ഞു. പെയിന്റിങ് അടക്കം ജോലി പൂര്‍ത്തിയായപ്പോള്‍ മലമുകളിലെ കാട്ടുപൊന്തകളും മരച്ചില്ലകളും വെട്ടിനീക്കിയതിനുശേഷമാണ് ചുറ്റുവട്ടത്തുള്ളവര്‍ പാറക്ക് മുകളിലെ ‘വിമാന വീട്’ കണ്ടത്.
കൊവിഡ് കാലത്ത് മുടങ്ങിയ നിര്‍മാണം പിന്നീട് പുറത്ത് ജോലിക്കുപോയും മാജിക് ഷോകള്‍ നടത്തിയും കിട്ടുന്ന ചെറിയ തുക മിച്ചംവെച്ചാണ് പണി തുടര്‍ന്നത്. നിര്‍മാണ ജോലി ഭൂരിഭാഗവും വിമലും ഭാര്യയും ചേര്‍ന്നായിരുന്നു. ഗതാഗതസൗകര്യം കുറവായതിനാല്‍ ബൈക്കിനു പുറകില്‍ സിമന്റ് കെട്ടിവെച്ച് കൊണ്ടുപോയാണ് നിര്‍മാണം നടത്തിയതെന്ന് വിമല്‍ പറഞ്ഞു.
സിനിമ ചിത്രീകരണത്തിന് വരുന്ന നടന് നിവിന്‍പോളി അടുത്തമാസം വീട്ടില്‍ താമസിക്കാനെത്തുന്നുണ്ട്. വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് നിവിന്‍ പോളി ഇവിടെ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അതിനാല്‍തന്നെ ഇപ്പോള്‍ രാത്രിയും പകലുമായാണ് നിര്‍മാണം പുരോഗമിക്കുന്നത്.
Discussion about this post