വിമാനത്താവളത്തിലെ ഭക്ഷണത്തിന്റെ അമിതവില താങ്ങാനാകാത്തതിനാൽ വീട്ടിൽ നിന്ന് പൊതിഞ്ഞെടുത്ത ഭക്ഷണം എയർപോർട്ട് ലോബിയിൽ ഇരുന്ന് കഴിച്ച അമ്മയ്ക്കും മകനും കൈയ്യടിച്ച് സോഷ്യൽ മീഡിയ. മധുർ സിംഗ് എന്നയാളാണ് എയർപോർട്ടിൽ ഇരുന്ന് അമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്നത് ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്.
ആലു പറാത്തയും നിമ്പു അച്ചാറും സ്വന്തം വീട്ടിലെന്ന പോലെ ആസ്വദിച്ച് കഴിക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. വിമാന സർവ്വീസുകൾ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതിനെ വിമർശിക്കുന്നതായി ചിലർ കമൻറ് ചെയ്തു.
ചിത്രം പങ്കുവച്ച് കൊണ്ട് മധുർ സിംഗ് എഴുതിയത് ഇങ്ങനെ….
‘വിമാനങ്ങളിലെ യാത്ര മധ്യവർഗക്കാർക്ക് എളുപ്പമായിരിക്കുന്നു. എന്നാൽ 400 രൂപ വിലയുള്ള ദോശയും 100 രൂപ വിലയുള്ള വെള്ളക്കുപ്പിയും വാങ്ങുന്നതിനുള്ള സാമൂഹിക സമ്മർദ്ദം ഇപ്പോഴും വളരെ ഉയർന്നതാണ്. എൻറെ അമ്മ ഗോവയിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്കായി ആലു പൊറാത്ത പൊതിഞ്ഞെടുത്തു, ഞങ്ങൾ ആലു പൊറാത്ത നിമ്പു അച്ചാർ കൂട്ടി എയർപോർട്ടിൽ വച്ച് കഴിച്ചു.’
ട്വിറ്റ് വൈറലായപ്പോൾ അദ്ദേഹം ഒന്ന് കൂടി കുറിച്ചു.
‘ചില ആളുകൾ ഞങ്ങളെ വിചിത്രമായി നോക്കി, പക്ഷേ ഞങ്ങൾ അത് കാര്യമാക്കുന്നില്ല. നിങ്ങളുടെ പോക്കറ്റ് അനുവദിക്കുന്നത്രയും ചെലവഴിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുക. സമൂഹം എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ഞാൻ പറയുന്നു, നിങ്ങൾ നിങ്ങളുടെ സ്വന്തം ശൈലിയിൽ ജീവിക്കുക.’
Discussion about this post