മംഗളൂരു: കിണറ്റില്‍ വീണ പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ കൂട്ടില്‍ കയറി കിണറ്റിലിറങ്ങി വനിതാ ഡോക്ടര്‍. മംഗളൂരു സ്വദേശിനിയായ ഡോ.മേഘ്ന പെമ്മയ്യയാണ് അധികമാരും ഏറ്റെടുക്കാത്ത അതിസാഹസികമായ ദൗത്യത്തിന് ഇറങ്ങിതിരിച്ചത്. മംഗളൂരു ദക്ഷിണകന്നഡ ജില്ലയിലെ നിഡോടിയിലാണ് സംഭവം.
നിഡോടിയിലെ ഒരു വീട്ടുപറമ്പില്‍ 25 അടി താഴ്ചയുള്ള കിണറ്റിലാണ് പുള്ളിപ്പുലി വീണത്. കാലപ്പഴക്കമുള്ള കിണറിന്റെ വശങ്ങളിടിഞ്ഞ് രൂപപ്പെട്ട ചെറിയ ഗുഹയില്‍ കയറിയിരുന്ന പുലിയെ മുകളില്‍ നിന്നു വലയിട്ടോ മയക്കുവെടിവച്ചോ പിടികൂടാനാകാത്ത നിലയായിരുന്നു.
ഇതേത്തുടര്‍ന്ന് വന്യജീവികളെ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ ഡോ. മേഘ്നയും ഭര്‍ത്താവ് ഡോ. യശസ്വി നരാവിയും ഞായറാഴ്ച രാവിലെയോടെ സ്ഥലത്തെത്തി. സാഹചര്യങ്ങള്‍ വിലയിരുത്തിയ ഡോ. മേഘ്ന പുലിയെ കയറ്റാനായി ഒരുക്കിവച്ചിരുന്ന ഇരുമ്പുകൂട്ടില്‍ മയക്കുവെടി നിറച്ച തോക്കുമായി കയറിയിരുന്നു.
ശേഷം കൂട് അടച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സാവധാനം കിണറ്റിലേക്കു കെട്ടിത്താഴ്ത്തുകയായിരുന്നു. പുലിയുമായി നേര്‍ക്കുനേരെ വന്ന നിമിഷത്തില്‍ തന്നെ ഡോക്ടറിന് മയക്കുവെടി വയ്ക്കാനായി. കൂട് അടച്ചിരുന്നതിനാല്‍ പുലിക്ക് തിരിച്ച് ആക്രമിക്കാനുമായില്ല. 15 മിനിറ്റിനകം പുലി മയക്കത്തിലായി.
കൂട് തുറന്ന് പുറത്തിറങ്ങിയ ഡോ.മേഘ്ന അതിനകം കിണറ്റിലിറങ്ങിയ നാട്ടുകാരുടെ സഹായത്തോടെ പുലിയെ കയറുകെട്ടി വലിച്ച് കൂട്ടില്‍ കയറ്റുകയും തുടര്‍ന്ന് മയങ്ങിക്കിടക്കുന്ന പുലിക്കൊപ്പം അതേ കൂട്ടിലിരുന്ന് തന്നെ ഡോ.മേഘ്നയെയും മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഏകദേശം ഒരു വയസ് തോന്നിക്കുന്ന പെണ്‍പുലിയെ പിന്നീട് വനംവകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post