കോട്ടയം: പാറമട കാരണം ജീവിതം വഴിമുട്ടിയ തനിക്കും കുടുംബത്തിനും നീതി വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിക്കൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ കൈക്കുഞ്ഞുമായെത്തി ആത്മഹത്യാഭീഷണി മുഴക്കിയ യുവതി രംഗത്ത്. പാറമടയുടെ പ്രവർത്തനം മൂലം സ്ഥലം വിൽപ്പന തടസപ്പെട്ടെന്നും ജീവിക്കാൻ വഴിയില്ലാതായെന്നും റോസമ്മ പറയുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് റോസമ്മ രണ്ടരവയസുള്ള മകൾക്കൊപ്പം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രവർത്തനം തടയണമെന്നും അല്ലെങ്കിൽ കൈക്കുഞ്ഞുമായി ആത്മഹത്യ ചെയ്യുമെന്നു കാണിച്ചു റോസമ്മ പഞ്ചായത്തിനു പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്ലാസ്റ്റിക് ജാറിൽ മണ്ണെണ്ണയും ലൈറ്ററുമായി ഇവർ പഞ്ചായത്തിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതുകണ്ട പഞ്ചായത്ത് അംഗങ്ങളും ഓടിയെത്തിയ പ്രദേശവാസികളും ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
‘വാടക വീട് ഒഴിഞ്ഞു. ഇനി പോകാൻ ഇടമില്ല. പെട്രോ ക്രഷർ ക്വാറിയുടെ പ്രവർത്തനം അനധികൃതമാണ്. എല്ലാ മാർഗങ്ങളും അടഞ്ഞപ്പോഴാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിനുപിന്നാലെ തന്നെ ഒന്നുമല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പിന്തുണ നൽകാൻ ആരുമില്ല’. – റോസമ്മ ആരോപിക്കുന്നു.
പ്രായമായ അമ്മയുമൊന്നിച്ച് പാറമടയ്ക്കടുത്തുള്ള വീട്ടിൽനിന്നു മാറി അഞ്ചുവർഷമായി മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഹൈക്കോടതിയിൽനിന്നു ഉടമകൾ സമ്പാദിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൊടുങ്ങ പാറമട പ്രവർത്തിക്കുന്നത്.
അതേസമയം, ഇക്കഴിഞ്ഞ ഏഴിന് കൂടിയ പഞ്ചായത്ത് കമ്മിറ്റി പാറമട ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് പ്രമേയം പാസാക്കി കളക്ടർക്ക് അയച്ചതായും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ പറഞ്ഞു.
പാറമട പ്രവർത്തിക്കുന്നതുമൂലം ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കാൻ സാധിക്കുന്നില്ലെന്നും പാറമടക്കാർ തന്റെ സ്ഥലം വിലയ്ക്ക് എടുക്കുകയോ, പാറമടയുടെ പ്രവർത്തനം നിർത്താൻ പഞ്ചായത്ത് നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നുമാണ് റോസമ്മ ആവശ്യപ്പെടുന്നു.
Discussion about this post