കണ്ണൂര്‍: ഉത്സവപ്പറമ്പിലെ ‘മുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് എടുത്ത് മാറ്റിയ ക്ഷേത്രകമ്മിറ്റിക്ക് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി. പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവപ്പറമ്പില്‍ ഇനി ആ വിവാദ ബോര്‍ഡ് ഉണ്ടാവില്ല.
മുന്‍ വര്‍ഷങ്ങളില്‍ ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള ‘മുസ്ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് ഈ വര്‍ഷം മുതല്‍ വേണ്ടതില്ലെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ പുതിയ തീരുമാനം. ക്ഷേത്ര കമ്മിറ്റി ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. സംക്രമ പൂജക്കു ശേഷം നടയില്‍ ഒത്തുചേര്‍ന്ന വാല്യക്കാരുടെ മുമ്പാകെ ക്ഷേത്രം കര്‍മി ഷിജു മല്ലിയോടനാണ് തീരുമാനമറിയിച്ചത്. ഇത് വാല്യക്കാര്‍ ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു.
ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റി യോഗത്തില്‍ വിഷയം കൈയാങ്കളിയുടെ വക്കിലെത്തുകയും തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരു പ്രശ്‌നവും ഉണ്ടായില്ല.
അതേസമയം, വിവാദ ബോര്‍ഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലത്തെ കെ. പ്രകാശനെ (45)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ധയുണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നാണ് കേസ്.
Discussion about this post