ഗാന്ധിനഗര്‍: സ്വര്‍ണപ്പല്ലുകള്‍ തിരിച്ചറിഞ്ഞതോടെ 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന വഞ്ചന കേസ് പ്രതി പോലീസ് പിടിയിലായി. വര്‍ഷങ്ങളായി പോലീസിനെ വെട്ടിച്ച് നടന്നിരുന്ന പ്രവീന്‍ അഷുബ ജഡേജ എന്ന 38കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ മാണ്ഡവിയില് നിന്നാണ് ഇയാള്‍ പിടിയിലായത്.
2007ല്‍ തുണിക്കച്ചവടക്കാരില്‍ നിന്ന് 40,000 രൂപ കൈപ്പറ്റിയ പ്രതി, പിന്നീട് പണം കളവ് പോയതായി കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേണത്തില്‍ ഇയാള്‍ തന്നെയാണ് പണം തട്ടിയതെന്ന് വ്യക്തമായി. തുടര്‍ന്ന് വഞ്ചനാകുറ്റത്തിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വര്‍ണ്ണ പല്ലുകള്‍ മാത്രമായിരുന്നു ഇയാളെ കണ്ടെത്താനുള്ള ഏക അടയാളം. ജഡേജയോടൊപ്പം ജോലി ചെയ്തിരുന്നയാള്‍ ഇയാള്‍ മാണ്ഡവി ജില്ലയിലുണ്ടെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് യൂണിക് ഐഡന്റിഫികേഷന്‍ അതോറിറ്റിയുടെ സഹായത്തോടെ ഇതേ പേരും വയസുമുള്ള ആളുകളുടെ പട്ടിക തയ്യാറാക്കി. ഇതില്‍ മാണ്ഡവിയിലെ പച്ചക്കറി കച്ചവടക്കാരന് സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് രണ്ട് സ്വര്‍ണ്ണ പല്ലുകളും ഉണ്ടായിരുന്നു.
തുടര്‍ന്ന് എല്‍ഐസി ഏജന്റാണെന്ന വ്യാജേന പോലീസ് ജഡേജയെ ഫോണ്‍ വിളിക്കുകയും പോളിസി കലാവധി കഴിഞ്ഞെന്നും പണം ലഭിക്കുന്നതിന് ഒപ്പ് ഇടണമെന്നും പറയുകയുമായിരുന്നു. ഒപ്പിടാനായി എത്തിയ ജഡേജയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പരാതിക്കാര്‍ തിരിച്ചറിഞ്ഞതായും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു
Discussion about this post