ഇസ്താംബുള്‍: കഴിഞ്ഞ ദിവസമായി തുര്‍ക്കി ലോകത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. കണ്ണീര്‍ക്കാഴ്ചയില്‍ പ്രതീക്ഷയായി മാറിയിരിക്കുകയാണ്, ദുരന്തഭൂമിലെ പ്രതീക്ഷയായി പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത മാലാഖക്കുഞ്ഞിനെ കണ്ടെത്തിയത്.
പൊക്കിള്‍ക്കൊടി വിട്ടുമാറാതെ രക്ഷപ്പെടുത്തിയ കുഞ്ഞിന് പേരിട്ടു. അറബിയില്‍ ‘അത്ഭുതം’ എന്നര്‍ത്ഥം വരുന്ന ‘അയ’ എന്നാണ് കുഞ്ഞിന് നല്കിയ പേര്. കുടുംബത്തെ നഷ്ടപ്പെട്ട കുഞ്ഞിന് പുതിയ കുടുംബവും ലഭിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കുഞ്ഞിനെ പിതാവിന്റെ അമ്മാവന് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൊച്ചു അയയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തകര്‍ന്ന നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ പൊടിയില്‍ പൊതിഞ്ഞ ഒരു ചെറിയ കുഞ്ഞിനെ കെട്ടിപ്പിടിച്ച് പുറത്തേക്ക് വരുന്നു.
പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ നവജാതശിശുവിനായി ഒരു പുതപ്പും കൊണ്ട് രണ്ടാമത്തെയാള്‍ കുഞ്ഞിന്റെ അടുത്തേക്ക് ഓടുന്നു. മൂന്നാമത്തെയാള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാറിനായി നിലവിളിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍.
ഭൂകമ്പത്തില്‍ രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിനെ ദത്തെടുക്കാന്‍ ആയിരക്കണക്കിനാളുകളാണ് സമ്മതം അറിയിച്ചത്. സമീപ പ്രദേശത്തുള്ള അഫ്രീന് പട്ടണത്തിലുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. അയയുടെ ശരീരത്തില്‍ ചതവുകള്‍ ഉണ്ടായിരുന്നു. തണുപ്പില്‍ വിറച്ച് ശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. കഠിനമായ തണുപ്പ് കാരണം കുഞ്ഞ് ഹൈപ്പോതെര്‍മിയയുമായാണെത്തിയത്.
കുഞ്ഞിന് ചൂട് നല്കി കാല്‍സ്യം നല്‍കുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കൂടാതെ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഭാര്യ തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതോടൊപ്പം അയയ്ക്കും മുലപ്പാല്‍ നല്കി. സിറിയന്‍ പട്ടണമായ ജെന്‍ഡറിസില്‍ മരിച്ച അമ്മയോട് പൊക്കിള്‍ക്കൊടി ഘടിപ്പിച്ച നിലയിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഭൂകമ്പത്തില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു. തിങ്കളാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അനാഥരായ നിരവധി കുട്ടികളില്‍ ഒരാളാണ് അയ.
Discussion about this post